കേരളത്തില്‍ നിന്നുള്ള 47 വിദ്യാര്‍ത്ഥികൾ മണാലി ജില്ലയില്‍; സുരക്ഷ ഉറപ്പാക്കണമെന്ന് കത്തയച്ച് പ്രതിപക്ഷ നേതാവ്

  • 11/07/2023

തിരുവനന്തപുരം: ഹിമാചല്‍ പ്രദേശില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളായ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിങ് സുഖുവിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കത്തയച്ചു. കേരളത്തില്‍ നിന്നുള്ള 47 വിദ്യാര്‍ത്ഥികളാണ് മണാലി ജില്ലയില്‍ കുടുങ്ങിക്കിടക്കുന്നത്. കളമശേരി, തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഹൗസ് സര്‍ജന്‍മാരും ഇതില്‍ ഉള്‍പ്പെടുന്നു.


അതേസമയം, ഹിമാചല്‍ പ്രദേശിലെ കനത്ത മഴയിലും മണ്ണിടിച്ചിലിലും ഒറ്റപ്പെട്ടുപോയ മലയാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ഹിമാചലില്‍ കുടുങ്ങിയ മലയാളികളെ സംബന്ധിക്കുന്ന വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി ന്യൂ ദില്ലി കേരളാഹൗസില്‍ 011-23747079 എന്ന ഹെല്‍പ് ലൈൻ നമ്ബര്‍ ആരംഭിച്ചിട്ടിട്ടുണ്ട്. മലയാളികളുടെ സുരക്ഷയ്ക്കായി ആവശ്യമായ തരത്തിലുള്ള ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും സ്വീകരിച്ചിട്ടുണ്ട്.

ഹിമാചല്‍ പ്രദേശിലെ വിവിധ സ്ഥലങ്ങളിലുള്ള മലയാളികളെല്ലാം തന്നെ സുരക്ഷിതരാണ്. ഔദ്യോഗിക ഇടപെടലുകള്‍ക്ക് പുറമേ ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഹിമാചലിലെ മലയാളി സംഘടനകള്‍ എന്നിവരുടെ സഹകരണം കൂടി ഇക്കാര്യത്തില്‍ ഉറപ്പുവരുത്തുന്നുണ്ട്. അതേസമയം, ഉത്തരേന്ത്യയില്‍ അതിരൂക്ഷമായ മഴ തുടരുകയാണ്. മഴക്കെടുതിയില്‍ ഇതുവരെ മരണം 41 ആയി. ഹിമാചല്‍ പ്രദേശിന് പുറമെ പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളും പ്രളയക്കെടുതിയിലാണ്.

Related News