നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം: പരിശോധിക്കാനൊരുങ്ങി പൊലീസ്

  • 12/07/2023

തിരുവനന്തപുരം: നിത്യോപയോഗ സാധങ്ങളുടെ വിലവിവരവും സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് ലഭ്യതയും പരിശോധിക്കാനൊരുങ്ങി പൊലീസ്. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലും ഫാര്‍മസികളിലും മരുന്ന് ലഭ്യത പരിശോധിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ സ്പെഷ്യല്‍ ബ്രാഞ്ചിന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. പ്രത്യേകം തയ്യാറാക്കിയ പട്ടിക പ്രകാരം മരുന്ന് ലഭ്യത 15ന് മുമ്ബ് അറിയിക്കാനാണ് ഇൻ്റലിജൻസ് മേധാവിയുടെ നിര്‍ദ്ദേശം. മരുന്ന് ലഭ്യതക്കൊപ്പം തന്നെ നിത്യോപയോഗ സാധനങ്ങളുടെ വിലവിവരവും അന്വേഷിക്കാൻ നിര്‍ദ്ദേശമുണ്ട്.


പ്രധാന കമ്ബോളങ്ങളിലെ വില വിവരം ശേഖരിക്കാനാണ് പൊലീസിന് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്. അയല്‍ സംസ്ഥാനങ്ങളിലെ വിലയുമായി താരതമ്യം ചെയ്ത് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് വിവരം ശേഖരിക്കുന്നത്. സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ കൂടിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വിലവിവരം പരിശോധിക്കാൻ പൊലീസിനെ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

നിത്യോപയോഗ സാധനങ്ങളില്‍ പച്ചക്കറി വിലയാണ് വലിയ രീതിയില്‍ കൂടിയിരിക്കുന്നത്. പ്രത്യേകിച്ച്‌ തക്കാളിയുടെ വില. തമിഴ്നാട്ടിലേയും കര്‍ണാടകത്തിലേയും കൃഷി നാശം മൂലം തക്കാളിയും ഇഞ്ചിയും കിട്ടാനില്ല. ഒരു മാസത്തോളം ഈ പ്രതിസന്ധി തുടരുമെന്നാണ് കോഴിക്കോട് പാളയത്തെ പച്ചക്കറി മൊത്തവിതരണക്കാര്‍ പറയുന്നത്.

കഴിഞ്ഞ മാസം 15ന് കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ തക്കാളിയുടെ വില 31 രൂപയായിരുന്നു. ഇപ്പോള്‍ 120 കൊടുത്താലും തക്കാളി കിട്ടാനില്ല. അതാണ് പാളയം മൊത്ത വിപണിയിലെ സ്ഥിതി. പച്ചമുളകിന്‍റേയും ഇഞ്ചിയുടേയുമൊക്കെ കാര്യവും വ്യത്യസ്ഥമല്ല. കര്‍ണാടകയിലേയും തമിഴ്നാട്ടിലേയും മാര്‍ക്കറ്റുകളില്‍ പോയ് വെറും കൈയോടെ മടങ്ങേണ്ട സ്ഥിതിയാണിപ്പോഴെന്ന് പച്ചക്കറി മൊത്ത വ്യാപാരികള്‍ പറയുന്നു.

Related News