200 രൂപയുടെ കുറവിലാണ് അരമണിക്കൂറോളം ആംബുലൻസ് എടുക്കാതെ വൈകിപ്പിച്ചു; രോഗി മരിച്ചതിൽ അന്വേഷണം

  • 12/07/2023

കൊച്ചി: പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പണം മുൻകൂറായി നല്‍കാത്തതില്‍ ഡ്രൈവര്‍ ആംബുലൻസ് എടുക്കാൻ തയ്യാറായില്ലെന്ന പരാതിയില്‍ ആരോഗ്യ വകുപ്പ് പ്രാഥമിക അന്വേഷണം നടത്തി. ആശുപത്രി സൂപ്രണ്ട് നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ ആംബുലൻസ് ഡ്രൈവര്‍ സമയനഷ്ടം വരുത്തിയെന്നാണ് കുറ്റപ്പെടുത്തല്‍. ആംബുലൻസ് ഡ്രൈവര്‍ അര മണിക്കൂര്‍ രോഗിയെ ജനറല്‍ ആശുപത്രിയിലെത്തിക്കുന്നത് വൈകിപ്പിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.


ആശുപത്രി ജീവനക്കാരില്‍ നിന്നും വിവരങ്ങള്‍ തേടിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ആശുപത്രിയുടെ ഭാഗത്ത് വീഴ്ചയില്ലെന്നും ആംബുലൻസ് ഡ്രൈവറോട് വിശദീകരണം തേടിയെന്നും ആശുപത്രി സൂപ്രണ്ട് ആരോഗ്യവകുപ്പിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.

മരിച്ച അസ്മയുടെ കുടുംബാംഗങ്ങളുടെ ആരോപണങ്ങള്‍ ആംബുലൻസ് ഡ്രൈവര്‍ ആന്‍റണി നിഷേധിച്ചിരുന്നു. ഡ്രൈവര്‍ക്കെതിരെ അസ്മയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. 200 രൂപയുടെ കുറവിലാണ് അരമണിക്കൂറോളം ആംബുലൻസ് എടുക്കാതെ വൈകിപ്പിച്ചത്. ചിറ്റാട്ടുകര സ്വദേശി അസ്മയെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റാൻ പറവൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിന് ശേഷമാണ് ഈ ഗുരുതര കൃത്യവിലോപം നടന്നത്. ആംബുലൻസ് ഫീസായി 900 രൂപ ഡ്രൈവര്‍ ആന്‍റണി ആവശ്യപ്പെട്ടെന്നും 700രൂപ നല്‍കിയപ്പോഴും ബാക്കിയുള്ള 200രൂപ കൂടി കിട്ടാതെ ഡ്രൈവര്‍ വണ്ടിയെടുക്കില്ലെന്ന് നിര്‍ബന്ധം പിടിച്ചുവെന്നാണ് അസ്മയുടെ മക്കളുടെ പരാതി. സമയം വൈകി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചയുടൻ അസ്മ മരിച്ചു.

പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ ആംബുലൻസ് ഡ്രൈവര്‍ ആന്‍റണി നിഷേധിച്ചു. പണം മുൻകൂറായി നല്‍കിയാലേ ആംബുലൻസ് എടുക്കൂവെന്ന് താൻ നിര്‍ബന്ധം പിടിച്ചിട്ടില്ലെന്ന് ആന്‍റണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മരിച്ച അസ്മയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടത് പ്രകാരം കാത്ത് നിന്നത് കൊണ്ടാണ് ആംബുലൻസ് എടുക്കാൻ വൈകിയതെന്നാണ് ആന്‍റണിയുടെ വാദം. എന്നാല്‍ ഡ്രൈവര്‍ ആന്‍റണിയുടെ വാദങ്ങള്‍ തള്ളി അസ്മയുടെ മകള്‍ രംഗത്തെത്തി.

ഡ്രൈവര്‍ ആന്‍റണിക്കെതിരെ പൊലീസിലും കുടുംബം പരാതി നല്‍കിയിട്ടുണ്ട്. ആരോഗ്യ വകുപ്പില്‍ ജീവനക്കാരനായിരുന്ന ആന്‍റണി വിരമിച്ച ശേഷം ഡ്രൈവറായി താത്കാലിക അടിസ്ഥാനത്തില്‍ ജോലിയില്‍ തുടരുകയായിരുന്നു. നിലവില്‍ 108 ആംബുലൻസാണ് സൗജന്യം. ഇന്നലെ 108 ആംബുലൻസ് പുറത്തായിരുന്നു. ഹോസ്‌പിറ്റല്‍ മാനേജ്മെന്‍റ് കമ്മിറ്റിയുടെ ആംബുലൻസിന് വാടക വാങ്ങുന്നുണ്ട്. ആംബുലൻസ് സേവനം ഉപയോഗപ്പെടുത്തിയ ശേഷം പലരും പണം നല്‍കാതെ പോകാറുണ്ടെന്നാണ് ആശുപത്രി വ്യക്തമാക്കുന്നത്. ഇന്നലത്തെ സംഭവത്തിന് ശേഷം ഡ്രൈവറെ ഡ്യൂട്ടിയില്‍ നിന്നും മാറ്റി നിര്‍ത്തി.

Related News