തട്ടിക്കൊണ്ടുപോകല്‍ അഭിനയിച്ച്‌ 55 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്ന കേസില്‍ അഞ്ചുപേര്‍കൂടി അറസ്റ്റിൽ

  • 12/07/2023

തൃശ്ശൂര്‍: സ്വര്‍ണാഭരണനിര്‍മാണശാലയിലെ ജീവനക്കാരനും സംഘവും ചേര്‍ന്ന്, തട്ടിക്കൊണ്ടുപോകല്‍ അഭിനയിച്ച്‌ 55 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്ന കേസില്‍ അഞ്ചുപേര്‍കൂടി അറസ്റ്റിലായി.


ചാവക്കാട് പുന്നയൂര്‍ അകലാട് സ്വദേശികളായ മുക്കിലപ്പീടികയില്‍ വീട്ടില്‍ എം.കെ. ഷിഹാബ് (38), മച്ചിങ്ങല്‍ വീട്ടില്‍ രാജേഷ് (40), ആലത്തയില്‍ വീട്ടില്‍ അലി (46), പെരുമ്ബാവൂര്‍ അയ്മുറിക്കര നിരവത്ത് വീട്ടില്‍ രാകേഷ് (ഉണ്ണി-45), കോഴിക്കോട് ഫറോക്ക് കടലുണ്ടി അറയ്ക്കല്‍ വീട്ടില്‍ മുഹമ്മദ് അസ് ലം (36) എന്നിവരെയാണ് തൃശ്ശൂര്‍ വെസ്റ്റ് പോലീസ് സബ് ഇൻസ്പെക്ടര്‍ ബിന്ദുലാലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ജൂണ്‍ 27-ന് വൈകീട്ടാണ് അയ്യന്തോള്‍ ചുങ്കത്തിനുസമീപം വെച്ച്‌ സ്വര്‍ണം കവര്‍ന്നത്. ജീവനക്കാരനായ കാണിപ്പയ്യൂര്‍ ചാങ്കര വീട്ടില്‍ അജിത്ത് കുമാര്‍ (52), ചാങ്കരവീട്ടില്‍ മുകേഷ് കുമാര്‍(51), ചിറ്റഞ്ഞൂര്‍ വര്‍ഗീസ് (52) എന്നിവര്‍ അന്നുതന്നെ അറസ്റ്റിലായിരുന്നു. അജിത്ത്കുമാറും മുകേഷും സഹോദരങ്ങളാണ്. മുണ്ടൂരിലെ സ്വര്‍ണാഭരണ നിര്‍മാണശാലയില്‍നിന്നുള്ള 1028.85ഗ്രാം സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്.

ആഭരണങ്ങള്‍ പുത്തൂരിലുള്ള മറ്റൊരു സ്ഥാപനത്തിലേക്കു കൊണ്ടുപോകുമ്ബോഴായിരുന്നു സംഭവം. അജിത് കുമാര്‍ അറിയിച്ചതനുസരിച്ച്‌ സഹോദരൻ മുകേഷും കൂട്ടാളികളും കാറിലെത്തി. സംഘം ചുങ്കത്തിനടുത്തുവെച്ച്‌ സ്കൂട്ടര്‍ തടഞ്ഞ് ബലമായി കാറില്‍ക്കയറ്റി കൊണ്ടുപോകുകയും പാലക്കാട്ടുവെച്ച്‌ സ്വര്‍ണവും മൊബൈല്‍ഫോണും തട്ടിയെടുത്ത് ഇറക്കിവിടുകയും ചെയ്തുവെന്നാണ് അജിത്കുമാര്‍ സ്ഥാപനമുടമയെ വിളിച്ചറിയിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ നാടകം പൊളിഞ്ഞു. തട്ടിയെടുത്ത സ്വര്‍ണം മുംബൈ പനവേലില്‍ വിറ്റതായും കണ്ടെത്തി.

പ്രതികളെ ഇവിടെയെത്തിച്ച്‌ തെളിവെടുക്കുകയും വിറ്റ സ്വര്‍ണം കട്ടിയാക്കിയത് പിടിച്ചെടുക്കുകയും ചെയ്തു. അറസ്റ്റിലായ പ്രതികളുടെ പേരില്‍ വിവിധ സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകളുണ്ട്. ആസൂത്രിതമായി ഗൂഢാലോചന നടത്തിയാണ് കവര്‍ച്ചയെന്നതടക്കമുള്ള വകുപ്പുകളും കൂടുതലായി ചുമത്തി പോലീസ് കോടതിയില്‍ പുതിയ റിപ്പോര്‍ട്ട് നല്‍കി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Related News