കൈവെട്ടിയ കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷ വിധിച്ചു; മൂന്ന് പ്രതികൾക്ക് ജീവപര്യന്തം

  • 13/07/2023

തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷ കൊച്ചി എന്‍ഐഎ കോടതി വിധിച്ചു. കേസിലെ രണ്ട്, മൂന്ന്, അഞ്ച് പ്രതികളായ സജില്‍, എം കെ നാസര്‍, നജീബ് എന്നിവര്‍ക്ക് ജീവപര്യന്തവും തടവും 50,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ഒമ്ബതാം പ്രതി നൗഷാദ് , പതിനൊന്നാം പ്രതി മൊയ്തീൻ കുഞ്ഞ്, പന്ത്രണ്ടാം പ്രതി അയ്യൂബ് എന്നിവര്‍ക്ക് മൂന്ന് വര്‍ഷം തടവുമാണ് ശിക്ഷ.


കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ടാം പ്രതി സജില്‍, മൂന്നാം പ്രതി നാസര്‍ അഞ്ചാം പ്രതി നജീബ് എന്നിവര്‍ക്കെതിരെ ഭീകരപ്രവര്‍ത്തനം ഉള്‍പ്പെടെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി കോടതി ഇന്നലെ വ്യകതമാക്കിയിരുന്നു .ഒൻപതാം പ്രതി നൗഷാദ്, പതിനൊന്നാം പ്രതി മൊയ്തീൻ കുഞ്ഞ്, പന്ത്രണ്ടാം പ്രതി അയൂബ് എന്നിവര്‍ക്കെതിരെ തെളിവ് മറച്ചുവെക്കല്‍ ,പ്രതികളെ ഒളിവില്‍ കഴിയാൻ സഹായിക്കല്‍ എന്നീ കുറ്റങ്ങളാണ് ഉള്ളത്.

പ്രതികളായ ഷെഫീഖ്, അസീസ്, സുബൈര്‍, മുഹമ്മദ്‌ റാഫി . മൻസൂര്‍ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. പ്രൊഫസര്‍ ടിജെ ജോസഫിന്റെ കൈ വെട്ടിയ ഒന്നാം പ്രതി സവാദ് ഇപ്പോഴും ഒളിവിലാണ്.

Related News