മെയ്തേയ് സമുദായത്തില്‍ നിന്നുള്ളവരോട് സംസ്ഥാനം വിടണമെന്ന് പരസ്യമായി ആഹ്വാനം; സുരക്ഷയൊരുക്കി മിസോറാം സർക്കാർ

  • 22/07/2023

സംസ്ഥാനം വിടാൻ മുൻ മിസോറാം കലാപകാരികള്‍ മെയ്തേയ് സമുദായത്തില്‍ നിന്നുള്ളവരോട് പരസ്യമായി ആഹ്വാനം ചെയ്തതിനെത്തുടര്‍ന്ന് മെയ്തികള്‍ക്ക് സുരക്ഷയൊരുക്കി മിസോറാം സര്‍ക്കാര്‍. പീസ് അക്കോര്‍ഡ് എംഎൻഎഫ് റിട്ടേണീസ് അസോസിയേഷൻ (PAMRA)യാണ് മണിപ്പൂരില്‍ നിന്നുള്ള മെയ്‌തികളോട് സംസ്ഥാനം വിടാൻ ആവശ്യപ്പെട്ടത്.


സ്വന്തം സുരക്ഷാ കണക്കിലെടുത്താണ് മെയ്‌തികളോട് സംസ്ഥാനം വിടാൻ ആഹ്വനം ചെയ്തതെന്നാണ് അസോസിയേഷൻ പറയുന്നത്. വംശീയ കലഹത്തില്‍ തകര്‍ന്ന മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി പരേഡ് ചെയ്യിച്ച സംഭവത്തില്‍ മിസോറാം യുവാക്കള്‍ക്കിടയില്‍ രോഷമുണ്ട്. അതിനാല്‍, സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സംസ്ഥാനം വിട്ട് പോകണമെന്നാണ് വെള്ളിയാഴ്ച ഐസ്വാളില്‍ നിന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍, പീസ് അക്കോര്‍ഡ് എംഎൻഎഫ് റിട്ടേണീസ് അസോസിയേഷൻ പറയുന്നത്.

മണിപ്പൂരിലെ ഗോത്രവര്‍ഗങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ മിസോറാമിലെ ജനങ്ങളുടെ വികാരങ്ങള്‍ ആഴത്തില്‍ വ്രണപ്പെടുത്തിയതായും അസോസിയേഷൻ പറയുന്നു. മിസോറാമിലെ മെയ്തികള്‍ക്ക് നേരെ എന്തെങ്കിലും അക്രമം ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം അവര്‍ക്ക് തന്നെയായിരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

"മിസോറാമിലെ സ്ഥിതിഗതികള്‍ സംഘര്‍ഷഭരിതമാണ്. മണിപ്പൂരില്‍ അക്രമികള്‍ നടത്തിയ പ്രാകൃതവും ഹീനവുമായ പ്രവൃത്തികളുടെ പശ്ചാത്തലത്തില്‍ മണിപ്പൂരില്‍ നിന്നുള്ള മെയ്തേയ് ആളുകള്‍ക്ക് ഇനി മിസോറാമില്‍ താമസിക്കുന്നത് സുരക്ഷിതമല്ല. സുരക്ഷാ നടപടിയെന്ന നിലയില്‍ മിസോറാമിലെ എല്ലാ മെയ്തേയി ജനങ്ങളോടും സ്വന്തം സംസ്ഥാനത്തേക്ക് പോകണമെന്ന് PAMRA അഭ്യര്‍ത്ഥിക്കുന്നു"; പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത് ഇങ്ങനെ.

പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ മെയ്തേയ് സമുദായക്കാര്‍ക്ക് മിസോറാം സര്‍ക്കാര്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഒരു മെയ്തേയ് വ്യക്തിക്കും പരിക്കേല്‍ക്കാതിരിക്കാൻ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മിസോറാം സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇക്കാര്യം മിസോറാം മുഖ്യമന്ത്രി സോറാംതംഗ മണിപ്പൂര്‍ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിന് ഉറപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.

മിസോകളുമായി വംശപരമ്ബര പങ്കിടുന്ന മണിപ്പൂരിലെ സോ അല്ലെങ്കില്‍ കുക്കി വംശജര്‍ക്കെതിരെയുള്ള മെയ്തേയ് സമുദായക്കാരുടെ നിഷ്ഠൂരവും ക്രൂരവുമായ പ്രവൃത്തിയില്‍ കടുത്ത രോഷമാണ് സംസ്ഥാനത്ത് ഉയരുന്നത്. പ്രസ്താവന മണിപ്പൂരില്‍ നിന്നുള്ള മെയ്തികള്‍ക്ക് വേണ്ടി മാത്രമാണെന്നും മറ്റിടങ്ങളില്‍ നിന്നുള്ളവരെ ബാധിക്കില്ലെന്നും മുൻ കലാപകാരികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

Related News