കനയ്യ കുമാറിന്റെ പുതിയ പരിഷ്‌കാരം: കഴിവ് തെളിയിച്ചില്ലെങ്കിൽ കെ എസ് യു നേതാക്കളെ നീക്കും

  • 30/07/2023

തിരുവനന്തപുരം: കഴിവ് തെളിയിക്കാത്ത ഭാരവാഹികൾക്ക് കെ എസ് യുവിൽ സ്ഥാനം നഷ്ടമാകും. മികവ് തെളിയിച്ചാൽ സ്ഥാനക്കയറ്റവും ലഭിക്കും. 45 ദിവസത്തെ പ്രവർത്തനം വിലയിരുത്തിയാവും തീരുമാനമെടുക്കുക. എൻഎസ്യുഐ നേതൃത്വമാണ് പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കിയത്. എന്നാൽ കേരളം ഈ മാനദണ്ഡം നടപ്പാക്കാൻ പറ്റിയ വിളനിലമല്ലെന്ന് വാദിച്ച സംസ്ഥാനത്തെ കെഎസ്‌യു നേതാക്കളും കോൺഗ്രസ് നേതൃത്വവും കടുത്ത അതൃപ്തിയിലാണ്.

എല്ലാ സംസ്ഥാനങ്ങളിലും തുടങ്ങാനിരിക്കുന്ന പുതിയ രീതിക്ക് കേരളത്തിൽ നിന്നാണ് തുടക്കം. എൻഎസ്‌യുഐയുടെ ചുമതലയുള്ള എഐസിസി ഭാരവാഹിയായി കനയ്യ കുമാർ വന്നതിനു ശേഷമാണ് പുതിയ പരിഷ്‌കാരം. കേരളം ഇതിനുപറ്റിയ പരീക്ഷണശാലയല്ലെന്ന മറുപടിയാണ് ചില കോൺഗ്രസ് നേതാക്കൾ എൻഎസ്‌യു നേതൃത്വത്തെ അറിയിച്ചത്. കെഎസ്‌യു സംസ്ഥാന കമ്മിറ്റിയിലും പരിഷ്‌കാര നടപടിയോട് കടുത്ത ഭിന്നതയാണ്.

വിവാഹം കഴിഞ്ഞവരും പ്രായപരിധി പിന്നിട്ടവരും സംസ്ഥാന ഭാരവാഹികളായതിൻറെ ക്ഷീണം മാറും മുൻപാണ് സംഘടനയ്ക്ക് പുതിയ തലവേദന. രണ്ടാംഘട്ട പുനസംഘടനയുടെ ഭാഗമായാണ് മാനദണ്ഡങ്ങൾ പുറത്തിറക്കിയത്. സംസ്ഥാന ജനറൽ സെക്രട്ടറിമാർ, കൺവീനർമാർ, എക്‌സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരുടെ പ്രവർത്തനങ്ങളാണ് വിലയിരുത്തുന്നത്. മികച്ച പ്രവർത്തനം കാഴ്ചവെക്കുന്നവർക്ക് സ്ഥാനക്കയറ്റവും നൽകും. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സംസ്ഥാന ഭാരവാഹികളെ കെഎസ്യുവിൽ നിന്ന് ഒഴിവാക്കാനും നിർദേശമുണ്ട്. 

ജില്ലാ, ബ്ലോക്ക് തല പുനസംഘടനയിലും എൻഎസ്‌യു നേതൃത്വം പിടിമുറുക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഗ്രൂപ്പ് വീതം വയ്പിന് പകരം കൃത്യമായ മാനദണ്ഡം ഇറക്കിയാണ് പരിഗണന. എല്ലാ ജില്ലകളിലും ജില്ലാ പ്രസിഡൻറുമാർ അധ്യക്ഷനായും സംസ്ഥാന ഭാരവാഹികൾ അംഗങ്ങളായുമുള്ള കോർഡിനേഷൻ കമ്മിറ്റിയാണ് പുതിയ ഭാരവാഹികളുടെ പട്ടിക ദേശീയ കമ്മിറ്റിക്ക് റിപ്പോർട്ട് സമർപ്പിക്കേണ്ടത്. ഭാരവാഹികളാകാൻ ആഗ്രഹിക്കുന്നവർക്ക് ഇന്നുമുതൽ അപേക്ഷ നൽകാം. ഓഗസ്റ്റ് പത്താം തീയതി വരെയാണ് സമയം. 

Related News