ഗ്യാൻവാപി മസ്ജിദില്‍ പുരാവസ്തുവകുപ്പിന്റെ സര്‍വേ തുടരാൻ സുപ്രിംകോടതി അനുമതി

  • 04/08/2023

ന്യൂഡല്‍ഹി: ഗ്യാൻവാപി മസ്ജിദില്‍ പുരാവസ്തുവകുപ്പിന്റെ സര്‍വേ തുടരാൻ സുപ്രിംകോടതി അനുമതി. സര്‍വേ തടയണമെന്ന മസ്ജിദ് കമ്മറ്റിയുടെ ഹരജി കോടതി തള്ളി. സര്‍വേ റിപ്പോര്‍ട്ട് സീല്‍ഡ് കവറില്‍ സമര്‍പ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കി. ഗ്യാൻവാപി മസ്ജിദിന് കേടുപാടുകള്‍ വരാത്തരീതിയില്‍ സര്‍വേ തുടരാനാണ് സുപ്രിംകോടതി നിര്‍ദേശം നല്‍കിയത്.


ഖനനം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ അനുവദിക്കില്ല. എഎസ്‌ഐ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍വേയുടെ സ്വഭാവം വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് വിധേമായി മാത്രമേ സര്‍വേ നടത്താവൂ. ക്രമസമാധാനവുമായി ബന്ധപ്പെട്ട് എഡിജി അലോക് ത്രിപാഠി നല്‍കിയ ഉറപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും കോടതി പറഞ്ഞു. സര്‍വേയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ ഈ ഘട്ടത്തില്‍ ഇടപെടേണ്ടതിന്റെ ആവശ്യകത എന്താണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ചോദിച്ചു. അയോധ്യയിലും ആര്‍ക്കിയോളജിക്കല്‍ സര്‍വേ നടത്തിയിരുന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ഭൂതകാലത്തെ മുറിവുകള്‍ വീണ്ടും തുറക്കാനാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ശ്രമിക്കുന്നതെന്ന് മസ്ജിദ് കമ്മിറ്റിക്കായി ഹാജരായ മുതിര്‍ന്ന അഭിഭാഷകൻ ഹുസേഫ അഹമ്മദി പറഞ്ഞു. ചരിത്രം കുഴിച്ചു പരിശോധിക്കാനുള്ള ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നീക്കം 1991ലെ ആരാധനാലയ നിയമത്തിനു വിരുദ്ധമാണെന്നും, സാഹോദര്യവും മതനിരപേക്ഷതയും തകര്‍ക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.എന്നാല്‍ ഇതൊന്നും കോടതി മുഖവിലയ്ക്ക് എടുത്തില്ല.

വാരാണസി ജില്ലാ കോടതിയുടെ തീരുമാനം ശരിവച്ച അലഹാബാദ് ഹൈക്കോടതി ഉത്തരവിനെതിരെയാണ് മസ്ജിദ് കമ്മിറ്റി സുപ്രിംകോടതിയെ സമീപിച്ചത്. മസ്ജിദില്‍ സര്‍വേ നടപടികള്‍ തുടരുകയാണ്.

Related News