കുവൈത്ത് സിറ്റി: കുവൈത്തിലെ ബാങ്കിംഗ് ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കുന്നതിനുള്ള സമയപരിധിയിൽ വൻ കുറവ് വരുത്തിക്കൊണ്ട് സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തിന്റെ സുപ്രധാന ഉത്തരവ്.
നിലവിൽ 15 ദിവസമായിരുന്ന പരാതി പരിഹാര കാലാവധി വെറും അഞ്ച് പ്രവൃത്തിദിവസമായി കുറയ്ക്കാനാണ് ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഉപഭോക്താക്കളുടെ സംതൃപ്തി ഉറപ്പാക്കുന്നതിനും ബാങ്കിംഗ് സേവനങ്ങളുടെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനുമാണ് ഈ പുതിയ നീക്കമെന്ന് കുവൈത്ത് ബാങ്കിംഗ് അസോസിയേഷൻ തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ വ്യക്തമാക്കി.
നിശ്ചിത സമയത്തിനുള്ളിൽ പരാതികളിൽ തീർപ്പുകൽപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബാങ്കുകൾ കർശനമായ നിരീക്ഷണം നടത്തണമെന്നും നിർദ്ദേശമുണ്ട്. പുതിയ ഉത്തരവ് പ്രകാരം, പരാതി കൈകാര്യം ചെയ്യുന്നതിലെ മികവും ഉപഭോക്താക്കളുടെ സംതൃപ്തിയും അളക്കുന്നതിനായി ബാങ്കുകൾ കൃത്യമായ ഇടവേളകളിൽ പെർഫോമൻസ് ഇൻഡിക്കേറ്ററുകൾ തയ്യാറാക്കണം. സേവനങ്ങളിലെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിലൂടെ ബാങ്കിംഗ് രംഗത്ത് കൂടുതൽ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കാൻ സാധിക്കുമെന്ന് അധികൃതർ കരുതുന്നു.
