കുവൈറ്റ് സിറ്റി: രാജ്യത്ത് റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിനുമായി കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് രാജ്യവ്യാപകമായി നടത്തിയ പരിശോധനകളിൽ വൻ നിയമലംഘനങ്ങൾ കണ്ടെത്തി.
ജൂൺ 4 മുതൽ ജൂൺ 7 വരെയുള്ള നാല് ദിവസങ്ങളിലായി വിവിധ ഗവർണറേറ്റുകളിൽ നടത്തിയ വിപുലമായ സുരക്ഷാ കാമ്പെയ്നുകളിൽ മാത്രം 19,788 ട്രാഫിക് നിയമലംഘനങ്ങളാണ് രജിസ്റ്റർ ചെയ്തത്.നിയമലംഘകരെ പിടികൂടുന്നതിനൊപ്പം ട്രാഫിക് അച്ചടക്കം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധനകൾ ശക്തമാക്കിയത്. കാമ്പെയ്നുകളുടെ ഭാഗമായി 2,775 ട്രാഫിക് റിപ്പോർട്ടുകൾ തയ്യാറാക്കുകയും വിവിധ കേസുകളിൽ പെട്ട നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.അതീവ ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയ 23 പേരെ കസ്റ്റഡിയിലെടുത്തു. വിവിധ കേസുകളിൽ കോടതി തിരയുന്ന 40 പിടികിട്ടാപ്പുള്ളികളെയും ഇഖാമ നിയമം ലംഘിച്ച് രാജ്യത്ത് കഴിഞ്ഞിരുന്ന 76 താമസ നിയമലംഘകരെയും പരിശോധനയിൽ അറസ്റ്റ് ചെയ്തു.
കൃത്യമായ തിരിച്ചറിയൽ രേഖകൾ കൈവശമില്ലാതിരുന്ന 6 പേരും പിടിയിലായിട്ടുണ്ട്. ലൈസൻസില്ലാതെ വാഹനമോടിച്ചതുൾപ്പെടെയുള്ള കുറ്റങ്ങൾക്ക് 13 പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രൊസിക്യൂഷന് കൈമാറി. അസ്വാഭാവിക സാഹചര്യത്തിൽ/ലഹരിയിലായിരുന്ന ഒരാളെയും നിയമനടപടികൾക്കായി മാറ്റിയിട്ടുണ്ട്. വിവിധ കേസുകളിൽ ഉൾപ്പെട്ട് പോലീസ് തിരഞ്ഞിരുന്ന 17 വാഹനങ്ങളും, മറ്റ് നിയമലംഘനങ്ങളുടെ ഭാഗമായി 251 കാറുകളും 40 മോട്ടോർ സൈക്കിളുകളും അധികൃതർ പിടിച്ചെടുത്ത് ട്രാഫിക് ഗാരേജിലേക്ക് മാറ്റി.

