കുവൈത്ത് സിറ്റി: സൽമിയയിൽ പെട്രോളിംഗിനിടെ ഡ്രൈവറുടെ അസ്വാഭാവിക പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് സംഘം നടത്തിയ പരിശോധനയിൽ 7,000 യു.എസ് ഡോളറിന്റെ കള്ളപ്പണം പിടികൂടി. ട്രാഫിക് സിഗ്നലിൽ വാഹനം നിർത്തിയിട്ടിരുന്ന സമയത്ത് ഡ്രൈവർ അമിതമായി വെപ്രാളം കാണിക്കുകയും സിഗ്നൽ പച്ചയാകാൻ വല്ലാതെ ധൃതി കൂട്ടുകയും ചെയ്തതാണ് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്.സൽമിയ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സിഗ്നൽ നൽകി വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ അത് ഗൗനിക്കാതെ പോകാൻ ശ്രമിച്ചു.
തുടർന്ന് പട്രോളിംഗ് വാഹനത്തിലെ ലൗഡ് സ്പീക്കറിലൂടെ വാഹനത്തിന്റെ നമ്പറും നിറവും പറഞ്ഞ് മുന്നറിയിപ്പ് നൽകിയതോടെയാണ് ഇയാൾ വാഹനം നിർത്തിയത്. തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെട്ടതോടെ ഇയാളുടെ ഭയം ഇരട്ടിക്കുകയായിരുന്നു.30 വയസ്സ് പ്രായമുള്ള സിറിയൻ സ്വദേശിയായ ഡ്രൈവറെ പുറത്തിറക്കിയ ശേഷം നടത്തിയ സുരക്ഷാ പരിശോധനയിലാണ് സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ ഒരു കവർ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇതിൽ സൂക്ഷിച്ചിരുന്ന 7,000 യു.എസ് ഡോളറിന്റെ നോാട്ടുകൾ കള്ളപ്പണമാണെന്ന് വ്യക്തമായത്. നോാട്ടുകൾ തന്റേതാണെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്.
ഹവല്ലി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറുടെ നിർദ്ദേശപ്രകാരം പ്രതിയെയും പിടിച്ചെടുത്ത വ്യാജനോട്ടുകളും തുടർനടപടികൾക്കായി കൗണ്ടർഫീറ്റിംഗ് ആൻഡ് ഫോർജറി ക്രൈംസ് ഡിപ്പാർട്ട്‌മെന്റിന് കൈമാറി. ഈ കള്ളപ്പണത്തിന്റെ സ്രോതസ്സ് കണ്ടെത്തുന്നതിനും വലിയ ശൃംഖലയുടെ ഭാഗമാണോ എന്ന് അറിയുന്നതിനുമായി അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയുടെ താമസസ്ഥലത്തും തിരച്ചിൽ നടത്താൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.



