കുവൈറ്റ് സിറ്റി: അബു ഹലീഫയിൽ സ്ത്രീയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നേപ്പാൾ സ്വദേശിയായ പ്രതിക്ക് വിചാരണ കോടതി വിധിച്ച വധശിക്ഷ അപ്പീൽ കോടതി ശരിവെച്ചു. ജസ്റ്റിസ് ഡോ. ഫഹദ് ബൂസ്ലൈബ് അധ്യക്ഷനായ ബെഞ്ചാണ് കീഴ്ക്കോടതി വിധി ശരിവെച്ചുകൊണ്ട് ഉത്തരവിട്ടത്. സ്വന്തം സഹോദരപുത്രിയുമായുള്ള ബന്ധം തുടരാൻ അനുവദിക്കാത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്.
മൂർച്ചയുള്ള ആയുധം (സ്ക്രൂഡ്രൈവർ) ഉപയോഗിച്ചാണ് പ്രതി യുവതിയെ ആക്രമിച്ചതെന്ന് കോടതി കണ്ടെത്തി. മരണം ഉറപ്പാക്കണമെന്ന മുൻകൂട്ടി നിശ്ചയിച്ച പദ്ധതിയോടെയാണ് പ്രതി കൃത്യം നിർവ്വഹിച്ചതെന്ന് പബ്ലിക് പ്രോസിക്യൂഷൻ കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. കേസിൽ ഹാജരാക്കിയ വിവിധ തെളിവുകൾ, സാക്ഷിമൊഴികൾ, ഫോറൻസിക് റിപ്പോർട്ടുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി നിരീക്ഷിച്ചത്. കൊലപാതകം ആസൂത്രിതമാണെന്ന് വ്യക്തമായതോടെയാണ് വധശിക്ഷ എന്ന വിധിയിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് അപ്പീൽ കോടതി തീരുമാനിച്ചത്.
