കുവൈറ്റ് സിറ്റി: രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും വിപുലമായ ശുചീകരണ ക്യാമ്പയിൻ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. നഗരസഭയുടെ പ്രത്യേക ഫീൽഡ് ടീമുകളുടെ നേതൃത്വത്തിൽ നടക്കുന്ന ഈ പരിശോധനകൾ ഏപ്രിൽ മാസം അവസാനം വരെ നീണ്ടുനിൽക്കും.
പൊതുസ്ഥലങ്ങളിലെ നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനും ശുചിത്വ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുന്നതിനുമാണ് ഈ ദൗത്യം പ്രധാനമായും ലക്ഷ്യമിടുന്നത്.തങ്ങളുടെ പരിധിയിലുള്ള പ്രദേശങ്ങളിലെ ശുചിത്വ നിലവാരം മെച്ചപ്പെടുത്തുന്നതിനും നഗരത്തിന്റെ സൗന്ദര്യത്തിന് തടസ്സമാകുന്ന രീതിയിലുള്ള അനാവശ്യ വസ്തുക്കൾ നീക്കം ചെയ്യുന്നതിനും പരിശോധനാ സംഘം പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നുണ്ടെന്ന് നഗരസഭ വ്യക്തമാക്കി.
റോഡുകളിലെ ഗതാഗത തടസ്സങ്ങൾ ഒഴിവാക്കുന്നതിനും പൊതുമുതലുകൾ സംരക്ഷിക്കുന്നതിനും പ്രാധാന്യം നൽകുന്നുണ്ട്. ക്യാമ്പയിന്റെ ഭാഗമായുള്ള ആദ്യഘട്ട പരിശോധനകൾ ഇന്ന് ഹവല്ലി ഗവർണറേറ്റിലാണ് ആരംഭിച്ചത്. ഗവർണറേറ്റിന് കീഴിലുള്ള വിവിധ ജില്ലകളിലെ പൊതു ശുചീകരണ സേവനങ്ങൾ പരിശോധിക്കുന്നതിനൊപ്പം ശുചിത്വ പരിപാലനം കൃത്യമായി നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യാനാണ് നഗരസഭയുടെ തീരുമാനം.
