കുവൈറ്റ് സിറ്റി: പ്രമുഖ ബ്രാൻഡായ ‘ഡാനാലാക്ക്’ (Danalac) പുറത്തിറക്കിയ ആട്ടിൻപാൽ പാൽപ്പൊടി (Goat Milk Infant Formula) ചില ബാച്ചുകൾ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കാൻ കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ഉത്തരവിട്ടു. ഭക്ഷണപദാർത്ഥങ്ങളുടെ സുരക്ഷാ നിരീക്ഷണ സംവിധാനമായ റാപ്പിഡ് അലേർട്ട് സിസ്റ്റം ഫോർ ഫുഡ് ആൻഡ് ഫീഡ് നൽകിയ മുന്നറിയിപ്പിനെത്തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഈ നീക്കം.
എസ്റ്റോണിയയിൽ ഉൽപ്പാദിപ്പിച്ച ഡാനാലാക്ക് ഗോട്ട് മിൽക്ക് ഇൻഫന്റ് ഫോർമുല 1, ഫോളോ-ഓൺ ഫോർമുല 2 (400 ഗ്രാം) എന്നിവയുടെ പ്രത്യേക ബാച്ചുകളിലാണ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്ന ‘സെറൂലൈഡ്’ എന്ന വിഷാംശത്തിന്റെ സാന്നിധ്യം സംശയിക്കുന്നത്. ഉപഭോക്താക്കളുടെ ആരോഗ്യം മുൻനിർത്തി കമ്പനി സ്വമേധയാ ആണ് ഈ മുൻകരുതൽ നടപടി സ്വീകരിച്ചിരിക്കുന്നത്.
2025-ൽ ഉൽപ്പാദിപ്പിച്ചതും 2027 വരെ കാലാവധിയുള്ളതുമായ വിവിധ ബാച്ചുകളാണ് തിരിച്ചുവിളിച്ചിട്ടുള്ളത്. ഈ ബാച്ചുകളുടെ വിതരണം രാജ്യത്ത് ഉടനടി നിർത്തലാക്കാൻ അധികൃതർ ഉത്തരവിട്ടു. വിപണിയിൽ നിന്ന് ഇവ പൂർണ്ണമായും നീക്കം ചെയ്യുന്നതിനായി മന്ത്രാലയം കർശന നടപടികൾ സ്വീകരിച്ചുവരികയാണ്. തങ്ങളുടെ പക്കലുള്ള ഡാനാലാക്ക് പാക്കറ്റുകളിലെ ബാച്ച് നമ്പറുകൾ പരിശോധിച്ച്, മുന്നറിയിപ്പിൽ പറഞ്ഞിട്ടുള്ളവയാണെങ്കിൽ അവ ഉപയോഗിക്കുന്നത് ഉടൻ നിർത്തണമെന്ന് അധികൃതർ രക്ഷിതാക്കളോട് അഭ്യർത്ഥിച്ചു.
