കുവൈത്ത് സിറ്റി: രാജ്യത്തെ ആറ് ഗവർണറേറ്റുകളിലും കെട്ടിട നിർമ്മാണ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കുവൈത്ത് മുനിസിപ്പാലിറ്റി നടത്തുന്ന വ്യാപക പരിശോധനയുടെ ഭാഗമായി ഹവല്ലിയിൽ 12 മുന്നറിയിപ്പുകൾ നൽകി. കെട്ടിട നിർമ്മാണത്തിലെ നിയമലംഘനങ്ങൾ കണ്ടെത്താനും ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുമാണ് ഫീൽഡ് കാമ്പയിൻ ലക്ഷ്യമിടുന്നത്.അപകടങ്ങളും തീപിടുത്തങ്ങളും ഒഴിവാക്കുന്നതിന് വസ്തു ഉടമകൾ നിർബന്ധമായും കെട്ടിട നിർമ്മാണ ചട്ടങ്ങൾ പാലിക്കണമെന്ന് ഹവല്ലി ഗവർണറേറ്റിലെ മുനിസിപ്പാലിറ്റി പരിശോധനാ വിഭാഗം മേധാവി ആയെഷ് അൽ ജുവൈസേരി വാർത്താക്കുറിപ്പിൽ അറിയിച്ചു.
വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കെട്ടിടങ്ങൾ മുനിസിപ്പാലിറ്റിയുടെ മാനദണ്ഡങ്ങൾക്കനുസരിച്ചാണോ പ്രവർത്തിക്കുന്നതെന്ന് പരിശോധിക്കാനാണ് പ്രധാനമായും ടീം ലക്ഷ്യമിടുന്നത്.സൂപ്പർവൈസറി ടീമുകളുടെ ഫീൽഡ് വർക്ക് ഈ മാസം മുഴുവൻ തുടരുമെന്നും സ്വദേശി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കർശനമായ നിരീക്ഷണം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമലംഘനങ്ങൾ തുടരുന്ന കെട്ടിടങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
