കുവൈറ്റ് സിറ്റി: കുവൈറ്റ് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലും കുവൈറ്റിലെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ അംബാസഡർമാരും തമ്മിൽ ഉന്നതതല കൂടിക്കാഴ്ച നടത്തി.
കുവൈറ്റ് വിദേശകാര്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന യോഗത്തിൽ കുവൈറ്റ് വ്യോമയാന മേഖലയിലെ നിർണ്ണായക വികസനങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ചർച്ചാവിഷയമായി. സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ പ്രസിഡന്റ് ഷെയ്ഖ് ഹമൂദ് മുബാറക് അൽ-ഹമൂദ് അൽ-ജാബർ അൽ-സബാഹ് യോഗത്തിൽ പങ്കെടുത്തു. മേഖലയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിലവിലെ അവസ്ഥയും പ്രവർത്തന സജ്ജീകരണങ്ങളും അദ്ദേഹം വിശദീകരിച്ചു. വിമാനക്കമ്പനികൾക്ക് നൽകുന്ന പിന്തുണ വർദ്ധിപ്പിക്കുന്നതിനും കുവൈറ്റിനെ മേഖലയിലെ പ്രധാന വ്യോമയാന കേന്ദ്രമാക്കി മാറ്റുന്നതിനുമുള്ള പദ്ധതികളും യോഗം വിലയിരുത്തി.
വ്യോമയാന മേഖലയിലെ ആധുനികവൽക്കരണം, സാങ്കേതിക വിദ്യ കൈമാറ്റം എന്നിവയിൽ യൂറോപ്യൻ രാജ്യങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്താൻ യോഗം തീരുമാനിച്ചു. അന്താരാഷ്ട്ര തലത്തിൽ വ്യോമയാന സുരക്ഷ ഉറപ്പാക്കുന്നതിനും അറിവുകൾ പങ്കുവെക്കുന്നതിനും ഇത്തരം കൂടിക്കാഴ്ചകൾ അത്യന്താപേക്ഷിതമാണെന്ന് ഷെയ്ഖ് ഹമൂദ് അൽ-സബാഹ് പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിന്റെ നയതന്ത്ര നീക്കങ്ങളെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
