കുവൈറ്റ് സിറ്റി: രാജ്യത്തെ നിർമ്മാണ, നവീകരണ മേഖലകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി ഫർവാനിയ ഗവർണറേറ്റിൽ കുവൈറ്റ് മുൻസിപ്പാലിറ്റി പരിശോധന ശക്തമാക്കി. സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ 13 പ്രധാന നിർമ്മാണ സൈറ്റുകളിൽ നടത്തിയ ഫീൽഡ് പരിശോധനയിൽ ഏഴ് സുരക്ഷാ മുന്നറിയിപ്പുകൾ അധികൃതർ പുറപ്പെടുവിച്ചു.
പൊതുമുതൽ സംരക്ഷിക്കുന്നതിനും നിർമ്മാണ പ്രവർത്തനങ്ങൾ സുരക്ഷിതമായ രീതിയിൽ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി ആറ് ഗവർണറേറ്റുകളിലും മുൻസിപ്പാലിറ്റി നടത്തിവരുന്ന വിപുലമായ കാമ്പെയ്‌നിന്റെ ഭാഗമായാണ് ഈ നടപടി. അംഗീകൃത സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതും നിയമലംഘനങ്ങൾ കണ്ടെത്തിയതുമായ സൈറ്റുകൾക്കെതിരെയാണ് നടപടിയെടുത്തതെന്ന് മുൻസിപ്പാലിറ്റിയുടെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
നിയമലംഘനം നടത്തുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും ഫീൽഡ് ടീമുകളുടെ നിരീക്ഷണം ശക്തമായി തുടരുമെന്നും നിർമ്മാണ മേഖലയിലുള്ളവർ സുരക്ഷാ ക്രമീകരണങ്ങളിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും മുൻസിപ്പാലിറ്റി നിർദ്ദേശം നൽകി.
