കുവൈത്ത് സിറ്റി: രോഗിയുടെ സമ്മതമില്ലാതെ മുഖചിത്രവും ചികിത്സാ വിവരങ്ങളും സാമൂഹ്യ മാധ്യമങ്ങളിലും പരസ്യ പ്ലാറ്റ്‌ഫോമുകളിലും പങ്കുവെച്ച വിദേശി കോസ്മെറ്റിക് സർജന് കുവൈത്ത് അപ്പീൽ കോടതി ആറായിരം കുവൈത്തി ദിനാർ പിഴ ചുമത്തി. മുഖം മറയ്ക്കുന്ന പർദ്ദ ധരിക്കുന്ന സ്ത്രീയുടെ ശസ്ത്രക്രിയയ്ക്ക് മുൻപും പിൻപുമുള്ള ചിത്രങ്ങളാണ് ഡോക്ടർ പരസ്യ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തത്. നിയമപ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള രോഗിയുടെ വ്യക്തിവിവരങ്ങളും ചികിത്സാ രഹസ്യങ്ങളും പരസ്യമാക്കിയതിലൂടെ ഡോക്ടർ ഗുരുതരമായ നിയമലംഘനമാണ് നടത്തിയതെന്ന് കോടതി കണ്ടെത്തി.
ചികിത്സയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ അനുമതിയില്ലാതെ പ്രചരിപ്പിച്ചതിലൂടെ രോഗിയുടെ സ്വകാര്യതയും വ്യക്തിത്വവുമാണ് ഡോക്ടർ പൊതുസമൂഹത്തിന് മുന്നിൽ തുറന്നുകാട്ടിയതെന്ന് കോടതി നിരീക്ഷിച്ചു. രോഗികളുടെ സ്വകാര്യത മാനിക്കുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും മെഡിക്കൽ മേഖലയിലുള്ളവർ ബാധ്യസ്ഥരാണെന്ന് വിധിയിൽ അടിവരയിട്ടു പറയുന്നു. നിയമപരമായ രേഖാമൂലമുള്ള അനുമതിയില്ലാതെ വാണിജ്യപരമായോ മറ്റ് ഏതെങ്കിലും ആവശ്യങ്ങൾക്കോ രോഗികളുടെ ചിത്രങ്ങളോ മെഡിക്കൽ വിവരങ്ങളോ ചൂഷണം ചെയ്യുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്നും അപ്പീൽ കോടതി വ്യക്തമാക്കി.

