കുവൈറ്റ് സിറ്റി: കുവൈറ്റിലെ സ്വകാര്യ വാഹന പരിശോധനാ കേന്ദ്രങ്ങളുടെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്. 2024-ലെ 2753-ാം നമ്പർ മന്ത്രിതല തീരുമാനത്തിലെ 11-ാം വകുപ്പ് പ്രകാരമാണ് ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ ഈ നടപടി സ്വീകരിച്ചത്.
സർക്കാർ നിശ്ചയിച്ചിട്ടുള്ള സാങ്കേതിക മാനദണ്ഡങ്ങളും നിബന്ധനകളും പൂർണ്ണമായും പാലിക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് പല കമ്പനികൾക്കും പ്രവർത്തനാനുമതി നിഷേധിച്ചത്.നിർദ്ദിഷ്ട നിബന്ധനകൾ പാലിച്ച് നിയമപരമായ അക്രഡിറ്റേഷൻ പുതുക്കുന്നതുവരെ ഈ കേന്ദ്രങ്ങൾക്ക് വാഹന പരിശോധന നടത്താൻ അനുവാദമുണ്ടാകില്ല. ഇതോടെ, വാഹനങ്ങളുടെ ഇൻസ്പെക്ഷൻ പൂർത്തിയാക്കേണ്ട ഉപഭോക്താക്കൾ ഇനി മുതൽ എല്ലാ ഗവർണറേറ്റുകളിലുമുള്ള ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ ഔദ്യോഗിക സാങ്കേതിക പരിശോധനാ കേന്ദ്രങ്ങളെ സമീപിക്കണമെന്ന് അധികൃതർ അറിയിച്ചു.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും വാഹനങ്ങളുടെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ഇല്ലാതാക്കുന്നതിനുമായി അടുത്തിടെ നിയമങ്ങളിൽ കർശനമായ പരിഷ്കാരങ്ങൾ കൊണ്ടുവന്നിരുന്നു. ഈ പുതിയ മാനദണ്ഡങ്ങൾക്കനുസരിച്ച് യന്ത്രസാമഗ്രികളും പരിശോധനാ രീതികളും പരിഷ്കരിക്കാത്ത കേന്ദ്രങ്ങൾക്കെതിരെയാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്. നിബന്ധനകൾ പാലിച്ച് വീണ്ടും അപേക്ഷിക്കുന്ന മുറയ്ക്ക് മാത്രമേ ഇത്തരം സ്വകാര്യ കമ്പനികൾക്ക് ലൈസൻസ് തിരികെ ലഭിക്കുകയുള്ളൂവെന്നും മന്ത്രാലയം വ്യക്തമാക്കി.
