കുവൈത്ത്സിറ്റി: രാജ്യത്ത് കർശനമായ പുതിയ ട്രാഫിക് നിയമം നടപ്പിലാക്കിയതിന് പിന്നാലെ അമിതവേഗത, റെഡ് ലൈറ്റ് ലംഘനം എന്നിവയിലുണ്ടായ നിയമലംഘനങ്ങളിൽ വൻ കുറവ് രേഖപ്പെടുത്തിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. പുതിയ നിയമം ജനങ്ങളിൽ വലിയ രീതിയിലുള്ള റോഡ് സുരക്ഷാ ബോധവൽക്കരണം ഉണ്ടാക്കിയെന്നതിന്റെ തെളിവാണ് ഈ ഗണ്യമായ കുറവെന്ന് ഞായറാഴ്ച പുറത്തുവിട്ട മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു.
ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, 2025 ഏപ്രിൽ 22 മുതൽ 2026 ഏപ്രിൽ 21 വരെയുള്ള കാലയളവിൽ അമിതവേഗതയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ 65 ശതമാനത്തിന്റെ വൻ കുറവാണ് രേഖപ്പെടുത്തിയത്. പുതിയ നിയമം വരുന്നതിന് മുൻപ് ഇതേ കാലയളവിൽ 1,618,739 അമിതവേഗ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത്, നിയമം കർശനമാക്കിയതോടെ അത് വെറും 561,820 ആയി കുത്തനെ കുറഞ്ഞു. സമാനമായ രീതിയിൽ ട്രാഫിക് സിഗ്നലുകളിലെ റെഡ് ലൈറ്റ് മറികടക്കുന്ന നിയമലംഘനങ്ങളിലും 63 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. മുൻപ് 140,539 റെഡ് ലൈറ്റ് ലംഘനങ്ങൾ രേഖപ്പെടുത്തിയിരുന്നിടത്ത് പുതിയ പരിഷ്കാരങ്ങൾക്ക് ശേഷം ഇത് 51,732 ആയി ചുരുങ്ങി.
റോഡപകട മരണങ്ങൾ ഇല്ലാതാക്കുന്നതിനും ജനങ്ങളുടെ ജീവന് സംരക്ഷണം നൽകുന്നതിനുമായി 2025 ഏപ്രിലിലാണ് കുവൈത്ത് കൂടുതൽ കർശനമായ പുതിയ ട്രാഫിക് നിയമങ്ങൾ കൊണ്ടുവന്നത്. രാജ്യത്തെ റോഡ് ട്രാഫിക് സുരക്ഷാ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു വഴിത്തിരിവായിരുന്നു ഈ നിയമനിർമ്മാണം. പിഴത്തുക വലിയ തോതിൽ വർദ്ധിപ്പിച്ചതും വാഹനങ്ങൾ പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള കടുത്ത ശിക്ഷാനടപടികളും ഡ്രൈവർമാരെ നിയമം അനുസരിക്കാൻ പ്രേരിപ്പിച്ചുവെന്നാണ് ഈ പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.

