കുവൈറ്റ് സിറ്റി: കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയം തലസ്ഥാന ഗവർണറേറ്റിലെ റെസ്റ്റോറന്റുകളിലും കഫേകളിലും നടത്തിയ സംയുക്ത പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആന്റ് ന്യൂട്രീഷൻ, ആഭ്യന്തര മന്ത്രാലയം എന്നിവയുമായി സഹകരിച്ചായിരുന്നു ശനിയാഴ്ച ഈ മിന്നൽ പരിശോധന നടന്നത്.
വിലവിവരപ്പട്ടികയുടെ അഭാവമാണ് പ്രധാന നിയമലംഘനം. ഉപഭോക്താക്കൾക്ക് കാണാവുന്ന രീതിയിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്തതാണ് കണ്ടെത്തിയത്.മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ ഓഫറുകളും പ്രൊമോഷനുകളും സംഘടിപ്പിച്ചതും കണ്ടെത്തി.
ബില്ലുകളിലും മറ്റും അറബി ഭാഷ ഉപയോഗിക്കുന്നതിൽ വരുത്തിയ വീഴ്ചയാണ് അധികൃതർ കണ്ടെത്തിയത്. ആറ് പ്രധാന നിയമലംഘന റിപ്പോർട്ടുകളാണ് ക്യാമ്പയിനിടെ തയ്യാറാക്കിയത്. കൂടാതെ, എനർജി ഡ്രിങ്കുകളുടെ വിൽപ്പനയും വിതരണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് കർശന മുന്നറിയിപ്പും നൽകി. വിപണിയിലെ ചൂഷണം തടയുന്നതിനും ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.
