കുവൈറ്റ് സിറ്റി: സ്കൂൾ വിദ്യാർത്ഥികളുടെ ബിരുദദാനച്ചടങ്ങുകൾക്കും മറ്റ് ആഘോഷങ്ങൾക്കും കർശനമായ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും ഏർപ്പെടുത്തി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം. പൊതു-സ്വകാര്യ സ്കൂളുകൾ, മതപഠന കേന്ദ്രങ്ങൾ, സ്പെഷ്യൽ എഡ്യൂക്കേഷൻ സ്കൂളുകൾ എന്നിവയ്‌ക്കായി വിദ്യാഭ്യാസ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി എൻജിനീയർ ഹമദ് അൽ ഹമദ് പ്രത്യേക സർക്കുലർ പുറത്തിറക്കി. പൊതുക്രമം പാലിക്കുന്നതിനൊപ്പം വിദ്യാഭ്യാസപരമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനാണ് മന്ത്രാലയത്തിന്റെ ഈ നീക്കം.2025-ലെ 135-ാം നമ്പർ മന്ത്രിതല തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ മാർഗ്ഗരേഖ തയ്യാറാക്കിയിരിക്കുന്നത്.
വിദ്യാർത്ഥികളിൽ മാതൃരാജ്യത്തോടുള്ള കൂറും പോസിറ്റീവ് ചിന്താഗതികളും വളർത്തുന്നതിനൊപ്പം അധ്യയന പ്രക്രിയ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുക എന്നതുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്കൂൾ പരിസരത്തിനകത്തോ പുറത്തോ നടത്തുന്ന ഏത് ആഘോഷങ്ങൾക്കും ഈ മാർഗ്ഗനിർദ്ദേശങ്ങൾ നിർബന്ധമായും പാലിക്കണമെന്ന് മന്ത്രാലയം സ്കൂൾ അധികൃതർക്ക് കർശന നിർദ്ദേശം നൽകി.പുതിയ ഉത്തരവ് പ്രകാരം, ബിരുദദാനച്ചടങ്ങുകളും മറ്റ് വിശേഷാൽ പരിപാടികളും സ്കൂൾ ഓഡിറ്റോറിയങ്ങളിൽ മാത്രമേ നടത്താൻ പാടുള്ളൂ. സ്കൂൾ മൈതാനങ്ങളോ മറ്റ് പൊതുസ്ഥലങ്ങളോ ഇതിനായി ഉപയോഗിക്കാൻ അനുവാദമില്ല.
കൂടാതെ, സ്കൂളിന്റെ അംഗീകൃത വാർഷിക കലണ്ടറിൽ ഉൾപ്പെടാത്ത ഏതെങ്കിലും പ്രത്യേക പരിപാടികൾ സംഘടിപ്പിക്കണമെങ്കിൽ എഡ്യൂക്കേഷണൽ സപ്പോർട്ട് സർവീസസ് ജനറൽ ഡയറക്ടറേറ്റിൽ നിന്ന് രേഖാമൂലമുള്ള അനുമതി വാങ്ങണം. ഇതിനായി അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയുടെ പ്രത്യേക അംഗീകാരം കൂടി ആവശ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിന്റെ ഈ പരിഷ്കാരം സ്കൂളുകളിലെ അച്ചടക്കം ഉറപ്പാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
