ന്യൂയോർക്ക്: ലോകത്തിന്റെ വ്യാപാര സിരയായ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാനോ അന്താരാഷ്ട്ര കപ്പൽ ഗതാഗതം തടസ്സപ്പെടുത്താനോ ഉള്ള ഇറാന്റെ നീക്കങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് കുവൈറ്റ്. ഐക്യരാഷ്ട്രസഭയിലെ കുവൈറ്റിന്റെ സ്ഥിരം പ്രതിനിധി അംബാസഡർ താരിഖ് അൽ ബന്നായിയാണ് യുഎൻ സുരക്ഷാ കൗൺസിലിൽ രാജ്യത്തിന്റെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്. സമുദ്രപാതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ബഹ്റൈൻ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് കുവൈറ്റ് നിലപാട് കടുപ്പിച്ചത്.
അന്താരാഷ്ട്ര കടലിടുക്കുകൾ ലോകരാജ്യങ്ങളുടെ പൊതുവായ വ്യാപാര ധമനികളാണെന്നും അവയിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുത്തുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും അൽ ബന്നായി പ്രസ്താവിച്ചു. സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിൽ അന്താരാഷ്ട്ര സമൂഹം നേരിടുന്ന നേരിട്ടുള്ള പരീക്ഷണമാണിതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സുപ്രധാന ജലപാതകളെ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കുള്ള ആയുധങ്ങളോ യുദ്ധക്കളങ്ങളോ ആക്കി മാറ്റാൻ ആരെയും അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എണ്ണ, വാതകം, ഭക്ഷ്യവസ്തുക്കൾ, വളം തുടങ്ങിയവയുടെ ആഗോള വിതരണ ശൃംഖലയെ ഹോർമുസ് കടലിടുക്ക് നേരിട്ട് സ്വാധീനിക്കുന്നുണ്ട്.ഗൾഫ് മേഖല മുതൽ ഏഷ്യയും യൂറോപ്പും അമേരിക്കയും വരെയുള്ള ആഗോള സമ്പദ്‌വ്യവസ്ഥയുടെ സുഗമമായ നിലനിൽപ്പ് ഈ പാതയെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്.
അതുകൊണ്ടുതന്നെ ഇറാന്റെ ഭാഗത്തുനിന്നുള്ള ഏത് നീക്കവും ഒരു പ്രാദേശിക പ്രതിസന്ധിയായല്ല, മറിച്ച് അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും എതിരെയുള്ള നേരിട്ടുള്ള വെല്ലുവിളിയായാണ് കാണുന്നത്. കപ്പൽ ഗതാഗതത്തിന് നിയമവിരുദ്ധമായ നിബന്ധനകൾ ഏർപ്പെടുത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇത് ആഗോള സമുദ്ര ഗതാഗത സംവിധാനത്തിലുള്ള വിശ്വാസം തകർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
