കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നാലാം ടെർമിനലിൽ യാത്രക്കാരുടെ സുരക്ഷയ്ക്കും മികച്ച സേവനങ്ങൾക്കും പ്രഥമ പരിഗണന നൽകുമെന്ന് ഇൻചിയോൺ കൊറിയ എയർപോർട്ട് സർവീസസ് സിഇഒ മിൻജെ ചുൻ പ്രഖ്യാപിച്ചു. യാത്രക്കാർക്ക് സുരക്ഷിതവും സുഗമവുമായ യാത്രാനുഭവം ഉറപ്പാക്കുന്നതിന് പ്രവർത്തനങ്ങളിൽ സ്ഥിരത നിലനിർത്തുമെന്നും സേവനങ്ങളുടെ ഗുണനിലവാരം ഇനിയും മെച്ചപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കുവൈത്ത് എയർവേയ്‌സിനായി പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന നാലാം ടെർമിനലിലെ പ്രവർത്തനങ്ങൾ വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഏപ്രിൽ 26-ന് പ്രതിദിനം പത്ത് വിമാന സർവീസുകൾ മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ, മെയ് 3 ആയപ്പോഴേക്കും പുതിയ 13 ലക്ഷ്യസ്ഥാനങ്ങളിലേക്ക് കൂടി സർവീസുകൾ വ്യാപിപ്പിച്ചതായി അദ്ദേഹം അറിയിച്ചു. ഇതോടെ ആകെ വിമാന സർവീസുകളുടെ എണ്ണം 29 ആയി ഉയർന്നു. വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള തയ്യാറെടുപ്പുകളും സുരക്ഷാ മാനദണ്ഡങ്ങളും കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനുമായി സഹകരിച്ച് അടിയന്തര പ്രതികരണ സംവിധാനം പരിഷ്കരിക്കുകയും വിമാനത്താവളത്തിലെ എല്ലാ സൗകര്യങ്ങളിലും സമഗ്രമായ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കുകയും ചെയ്തതായി മിൻജെ ചുൻ പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ സാധിക്കുന്ന രീതിയിൽ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കാനാണ് ഇൻചിയോൺ കൊറിയ എയർപോർട്ട് സർവീസസ് ലക്ഷ്യമിടുന്നത്.
