കുവൈത്ത് സിറ്റി: യുഎഇയുടെ ദേശീയ ടാങ്കറിനെതിരെ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുമ്പോൾ ഡ്രോൺ ഉപയോഗിച്ച് നടത്തിയ ഇറാൻ ആക്രമണം കുവൈത്ത് ശക്തമായി അപലപിച്ചു.വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ, ഈ ആക്രമണം കടൽഗതാഗത സുരക്ഷയ്ക്കും അന്താരാഷ്ട്ര ജലപാതകളുടെ സുരക്ഷയ്ക്കും നേരിട്ടുള്ള ഭീഷണിയാണെന്ന് വ്യക്തമാക്കി. സഹോദര രാഷ്ട്രമായ യുഎഇയ്ക്ക് കുവൈത്ത് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും, രാജ്യത്തിന്റെ സുരക്ഷയും താൽപര്യങ്ങളും സംരക്ഷിക്കാൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണ അറിയിക്കുകയും ചെയ്തു.
വാണിജ്യ കപ്പലുകളെ ലക്ഷ്യമിടുന്നത് ഐക്യരാഷ്ട്രസഭാ സുരക്ഷാ സമിതിയുടെ പ്രമേയങ്ങളും അന്താരാഷ്ട്ര നിയമങ്ങളും ലംഘിക്കുന്നതാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇത് അന്താരാഷ്ട്ര ജലപാതകളിലെ സഞ്ചാരസ്വാതന്ത്ര്യത്തിന് വിരുദ്ധമാണെന്നും പ്രാദേശിക സുരക്ഷക്കും ആഗോള വിതരണ ശൃംഖലകൾക്കും ഭീഷണിയാണെന്നും വ്യക്തമാക്കി.ഇത്തരത്തിലുള്ള ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും, ഹോർമുസ് കടലിടുക്കിലും മറ്റ് അന്താരാഷ്ട്ര ജലപാതകളിലും സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു.അതോടൊപ്പം ഫുജൈറ പെട്രോളിയം ഇൻഡസ്ട്രീസ് സോൺ (FOIZ) മേഖലയിൽ ഉണ്ടായ തീപിടിത്തത്തിൽ മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് പരിക്കേറ്റു. ഇറാനുമായി ബന്ധപ്പെട്ടതായി സംശയിക്കുന്ന ഡ്രോൺ ആക്രമണത്തിന് പിന്നാലെയാണ് സംഭവം ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.
സിവിൽ ഡിഫൻസ് സംഘങ്ങൾ വേഗത്തിൽ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവത്തെക്കുറിച്ച് കൂടുതൽ വിലയിരുത്തൽ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. പ്രാദേശിക സംഘർഷ സാഹചര്യങ്ങൾ തുടരുന്നതിനാൽ ഫുജൈറയിൽ ഇത്തരം സംഭവങ്ങൾ മുമ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.അതേസമയം, യുഎഇയിലേക്ക് ലക്ഷ്യമിട്ട് വന്ന നാല് ക്രൂയിസ് മിസൈലുകളിൽ മൂന്ന് എണ്ണം വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞതായി അധികൃതർ അറിയിച്ചു. മറ്റൊന്ന് കടലിൽ പതിച്ചതായും വ്യക്തമാക്കി.
