കുവൈറ്റ് സിറ്റി: ഒരു പ്രമുഖ കമ്പനിയുടെ ഏകദേശം 50 ലക്ഷം കുവൈറ്റ് ദിനാർ മൂല്യമുള്ള ഉൽപ്പന്നങ്ങളുടെയും സാധനങ്ങളുടെയും പ്രചാരണത്തിനായി കൈപ്പറ്റിയ 40,000 കുവൈറ്റ് ദിനാർ തട്ടിയടുത്തു എന്ന കേസിൽ കുവൈറ്റ് പൗരനെ അപ്പീൽ കോടതി കുറ്റവിമുക്തനാക്കി. പ്രശസ്ത അഭിഭാഷകനായ അഡ്വക്കേറ്റ് ഹുസൈൻ അൽ-അസ്ഫൂർ ആണ് കോടതിയിൽ പ്രതിഭാഗത്തിനായി ഹാജരായത്. പണാപഹരണം അല്ലെങ്കിൽ വഞ്ചന എന്ന ക്രിമിനൽ കുറ്റത്തിന്റെ പരിധിയിൽ വരുന്ന യാതൊരുവിധ ഘടകങ്ങളും ഈ കേസിൽ നിലനിൽക്കുന്നില്ലെന്ന് അദ്ദേഹം കോടതിയിൽ ശക്തമായി വാദിച്ചു.
ഇരുവിഭാഗങ്ങളും തമ്മിലുള്ള ഈ തർക്കം കേവലം ഒരു സിവിൽ-വാണിജ്യ തർക്കം മാത്രമാണെന്നും, അതിനാൽ ഇതിനെ ഒരു ക്രിമിനൽ കുറ്റമായി കണക്കാക്കാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.തർക്കത്തിനിടയാക്കിയ തുക ഇരുവർക്കും ഇടയിലുള്ള ബിസിനസ്സ് ബന്ധവുമായും വാണിജ്യ ഇടപാടുകളുമായും മാത്രം ബന്ധപ്പെട്ടിട്ടുള്ളതാണെന്ന് ഡിഫൻസ് കൗൺസിൽ കോടതിയെ ബോധ്യപ്പെടുത്തി. ഈ വാദങ്ങൾ പൂർണ്ണമായും അംഗീകരിച്ച അപ്പീൽ കോടതി, യുവാവിനെതിരെയുള്ള ക്രിമിനൽ കുറ്റാരോപണങ്ങൾ തള്ളുകയും അദ്ദേഹത്തെ പൂർണ്ണമായി കുറ്റവിമുക്തനാക്കുകയുമായിരുന്നു.



