അമേരിക്കന്‍ -ഇസ്രയേല്‍, ഇറാന് സംഘര്‍ഷം കനത്തോടെ മേഖലയിലെ കപ്പല്‍ചാലുകളും ചരക്ക് ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്. ഇന്ത്യന്‍ കയറ്റുമതിയുടെ പ്രധാന കേന്ദ്രമാണ് പശ്ചിമേഷ്യ. പ്രത്യേകിച്ച് ഭക്ഷ്യോത്പന്നങ്ങള്‍, പച്ചക്കറികള്‍ അത് പോലെ തന്നെ വേഗത്തില്‍ കേടുവരുന്ന ചരക്കുകള്‍ എന്നിവ ഇന്ത്യയില്‍ നിന്ന് വന്‍തോതില്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ട്.
സുരക്ഷാ വെല്ലുവിളികള്‍ കനത്തതും കപ്പല്‍ ഗതാഗതം തടസപ്പെട്ടതും ചരക്ക്കൂലി ഉയര്‍ന്നതുമെല്ലാം കയറ്റുമതിക്കാര്‍ക്ക് വലിയ വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്. ചരക്കുഗതാഗതം പുനരാരംഭിച്ച കപ്പല്ചാലുകളിലൂടെയുള്ള ചരക്ക് കടത്ത് കൂലി വലിയ തോതില്‍ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് ഇത് വഴിയുള്ള ചരക്ക് കടത്ത് വലിയ പ്രയാസമായിത്തീര്‍ന്നിരിക്കുന്നു. ചരക്കുകള്‍ എത്താന്‍ വൈകുകയും ചെലവ് കുതിച്ചുയരുകയും ചരക്കുകള്‍ വിവിധ തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുകയും ചെയ്യുന്നു.
കപ്പല്‍ഗതാഗതത്തിലെ തടസങ്ങളുംഎങ്ങനെയാണ് കടത്തിനെയും കയറ്റുമതിക്കാരെയും ബാധിച്ചതെന്നും അവരെ ആഭ്യന്തര വിപണിയിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചതെന്നും വിശദമാക്കുകയാണ് ഇടിവി ഭാരതിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ ഫെഡറേഷന് ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട്സ് ഓര്‍ഗനൈസേഷന്റെ ഡയറക്ടര്‍ ജനറലും സിഇഒയുമായ ഡോ.അജയ് സഹായ്. കയറ്റുമതിക്കാര്‍ക്ക് ഇത് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
നിരവധി കപ്പല്ചാലുകള് കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല. അത് കൊണ്ട് തന്നെ കയറ്റുമതിക്കാര്‍ക്ക് തങ്ങളുടെ ചരക്കുകള്‍ കൊണ്ടു പോകാന്‍ ബുദ്ധിമുട്ടുണ്ടാകുന്നു. പത്ത് ദിവസമായി മേഖലയില്‍ സംഘര്‍ഷം തുടരുകയാണ്. ഇതിന്റെ ഫലമായി ഉത്പാദനം നിലവിലെ പോലെ തന്നെ തുടരുകയും കയറ്റുമതിക്കാര്‍ക്ക് അവരുടെ ചരക്കുകള്‍ കടത്താന്‍ മാര്‍ഗമില്ലാതെ ഉഴലുകയും ചെയ്യുന്ന സ്ഥിതിയാണ്. ഇതോടെ വന്‍ ചരക്കുകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

