കുവൈത്ത് സിറ്റി: ഇൻകാസ് കുവൈത്തിന്റെ (INCAS KUWAIT) ആഭിമുഖ്യത്തിൽ പൊതുതെരഞ്ഞെടുപ്പ് അവലോകനവും വിവിധ ദുരന്തങ്ങളിൽ മരണപ്പെട്ടവർക്കുള്ള അനുശോചന യോഗവും അബ്ബാസിയയിൽ വെച്ച് സംഘടിപ്പിച്ചു.സംഘടനയുടെ ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്ത യോഗത്തിൽ കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം വിശദമായി വിലയിരുത്തി.
കഴിഞ്ഞ 10 വർഷത്തെ ജനവിരുദ്ധ ഭരണത്തിന് അന്ത്യം കുറിച്ച് കേരളത്തിൽ യുഡിഎഫിന്റെ (UDF) നേതൃത്വത്തിലുള്ള ഒരു ജനകീയ സർക്കാർ അധികാരത്തിൽ വരുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു. രാജ്യത്തെ ജനാധിപത്യ മൂല്യങ്ങൾ വീണ്ടെടുക്കാനും ഭരണഘടനാ സംരക്ഷണത്തിനും യുഡിഎഫിന്റെ വൻ വിജയം അനിവാര്യമാണെന്നും, തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ യുഡിഎഫ് അനുകൂലമായ വലിയ തരംഗമുണ്ടാകുമെന്നും യോഗം വിലയിരുത്തി.കേരളത്തിൽ നിലനിൽക്കുന്ന അസാധാരണമായ ചൂട് ജനജീവിതത്തെ സാരമായി ബാധിക്കുന്നതിലും, ഇതിന്റെ ഭാഗമായി പാമ്പുകളുടെ ശല്യം വർധിക്കുന്നതിലും യോഗം ആശങ്ക രേഖപ്പെടുത്തി.
കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പാമ്പ് കടിയേറ്റ് പിഞ്ചുകുഞ്ഞുങ്ങളും മുതിർന്നവരും മരണപ്പെട്ട ദാരുണമായ സംഭവങ്ങളിൽ യോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തി. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ഇത്തരം വെല്ലുവിളികളെ നേരിടാൻ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു.വാൾപ്പാറയിലുണ്ടായ വാഹനാപകടത്തിലും തൃശൂർ വെടിക്കെട്ട് ദുരന്തത്തിലും ജീവൻ പൊലിഞ്ഞവർക്കും യോഗം ആദരാജ്ഞലികൾ അർപ്പിച്ചു. പരേതരുടെ സ്മരണയ്ക്ക് മുൻപിൽ മൗനപ്രാർത്ഥനയോടെയാണ് അനുശോചന ചടങ്ങുകൾ നടന്നത്.ഇൻകാസ് ചെയർമാൻ രാജീവ് നടുവിലെമുറി അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ഇൻകാസ് ജനറൽ സെക്രട്ടറി അനൂപ് സോമൻ സ്വാഗതവും മീഡിയ കൺവീനർ മധു മാഹി നന്ദിയും രേഖപ്പെടുത്തി.
ഇൻകാസ് നേതാക്കളായ തോമസ് പള്ളിക്കൽ, ഷെറിൻ മാത്യു കൊട്ടാരം, കുര്യൻ തോമസ്, മാത്യു ചെന്നിത്തല,ബാബു പനമ്പള്ളി, അലക്സ് മാത്യു പുത്തൂർ, ജെറി ജോൺ കോശി , സണ്ണി പത്തിച്ചിറ, അനിൽ വള്ളികുന്നം, തമ്പി ലൂക്കോസ്, സുനിൽ ജിത്ത് മണ്ണാർക്കാട്, ബിജി പള്ളിക്കൽ, രതീഷ് കുമ്പളത്, അലക്സ് മാനന്തവാടി ,ഒസാമ വാഹിദ് സുമിത് റാന്നി, മനിഷ് വയനാട്, പ്രകാശ് ചിറ്റേഴത് അജു ആൽബർട്ട് എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. പ്രവാസി സമൂഹത്തിന്റെ സജീവമായ ഇടപെടലുകൾ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് യുഡിഎഫിന് വലിയ കരുത്ത് പകർന്നിട്ടുണ്ടെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.
