കുവൈത്ത് സിറ്റി: സൽമി മരുഭൂമി പ്രദേശത്ത് സർക്കാർ ഭൂമിയിൽ നിന്ന് അനധികൃതമായി മണൽ കുഴിച്ചെടുത്ത് വിൽപ്പന നടത്തിയ സംഘത്തെ ജഹ്റ അന്വേഷണ വിഭാഗവും ജഹ്റ മുനിസിപ്പാലിറ്റിയും ചേർന്ന് പിടികൂടി. സംഭവത്തിൽ നാല് പ്രവാസികളെയാണ് അറസ്റ്റ് ചെയ്തത്.
പ്രതികളിൽ ഒരാൾ സിറിയൻ സ്വദേശിയും രണ്ടുപേർ ഈജിപ്ഷ്യൻ സ്വദേശികളും ഒരാൾ ബംഗ്ലാദേശ് സ്വദേശിയുമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബംഗ്ലാദേശ് സ്വദേശിക്കെതിരെ അറസ്റ്റ് വാറന്റും കാണാതായ കേസും ഉണ്ടായിരുന്നതായും അധികൃതർ വ്യക്തമാക്കി.
റെയ്ഡിനിടെ മണൽ കടത്താൻ ഉപയോഗിച്ചിരുന്ന രണ്ട് ഹെവി മെഷീനുകളും പിടിച്ചെടുത്തു. സർക്കാർ സ്വത്തുക്കളിലേക്കുള്ള അതിക്രമവും പ്രകൃതി വിഭവങ്ങളുടെ അനധികൃത ചൂഷണവും ഒരിക്കലും അനുവദിക്കില്ലെന്നും നിയമലംഘകരെതിരെ ശക്തമായ നടപടികൾ തുടരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
