HomeGULFരാജ്യത്തെ പ്രധാന റോഡുകളിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി വ്യാപക പരിശോധനയുമായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ്

രാജ്യത്തെ പ്രധാന റോഡുകളിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി വ്യാപക പരിശോധനയുമായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ്

spot_img

കുവൈത്ത് സിറ്റി: രാജ്യത്തെ പ്രധാന റോഡുകളിൽ സുരക്ഷ ഉറപ്പാക്കുന്നതിനും അപകടകരമായ നിയമലംഘനങ്ങൾ തടയുന്നതിനുമുള്ള ആസൂത്രിത ശ്രമങ്ങളുടെ ഭാഗമായി, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ സർവീസ് നടത്തുന്ന ട്രെയിലറുകൾക്കും അവ വലിച്ചുകൊണ്ടുപോകുന്ന വാഹനങ്ങൾക്കുമെതിരെ വ്യാപക പരിശോധനയുമായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ്. രാജ്യത്തെ പ്രധാന ഹൈവേകളിലും റോഡുകളിലും പ്രത്യേക ഫീൽഡ് ക്യാമ്പയിനാണ് അധികൃതർ ആരംഭിച്ചിരിക്കുന്നത്. 2015-ലെ 4391-ാം നമ്പർ മന്ത്രിതല പ്രമേയത്തിലെ വ്യവസ്ഥകൾ വാഹനങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ഈ കർശന പരിശോധനയുടെ പ്രധാന ലക്ഷ്യം.

ഇതിന്റെ ഭാഗമായി രൂപീകരിച്ച പ്രത്യേക പരിശോധനാ സംഘങ്ങൾ, ട്രെയിലറുകളിലെ റിഫ്ലക്ടർ ടേപ്പുകൾ, കൃത്യമായ ലൈറ്റിംഗ് സംവിധാനങ്ങൾ, മറ്റ് അടിയന്തര സുരക്ഷാ ഉപകരണങ്ങൾ എന്നിവ പരിശോധിക്കുന്നതിനൊപ്പം കയറ്റിയിരിക്കുന്ന ചരക്കുകൾ സുരക്ഷിതമായാണോ കെട്ടിയിട്ടിരിക്കുന്നത് എന്നും ഉറപ്പുവരുത്തുന്നുണ്ട്. വലിയ വാഹനങ്ങളും അവ വലിച്ചുകൊണ്ടുപോകുന്ന ട്രെയിലറുകളും തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്ന സംവിധാനങ്ങൾ നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിച്ചാണോ സ്ഥാപിച്ചിരിക്കുന്നത് എന്ന് ട്രാഫിക് പോലീസ് നേരിട്ട് പരിശോധിക്കുന്നുണ്ട്. ടോവിങ് ചെയ്യുന്ന സമയത്ത് ട്രെയിലറുകൾക്കുള്ളിൽ യാത്രക്കാരെ ഇരുത്തുക, നിശ്ചിത വേഗത പരിധി ലംഘിക്കുക, റോഡിന്റെ ഏറ്റവും വലതുവശത്തെ ലെയ്നിലൂടെ മാത്രം സഞ്ചരിക്കാതിരിക്കുക, അനുവദനീയമായ ഉയരം, നീളം, ഭാരം തുടങ്ങിയ ചരക്ക് പരിധികൾ ലംഘിക്കുക എന്നിവയ്ക്കെതിരെ കർശന നിയമനടപടികളാണ് അധികൃതർ സ്വീകരിക്കുന്നത്.

ഇതിനുപുറമെ, ട്രെയിലറുകൾ വലിച്ചുകൊണ്ടുപോകുന്ന ജോലികൾ പൂർത്തിയായാൽ ഉടൻ തന്നെ ബന്ധിപ്പിച്ചിരിക്കുന്ന ടോവിങ് ഉപകരണങ്ങൾ വാഹനത്തിൽ നിന്ന് വേർപെടുത്തേണ്ടതിന്റെ പ്രാധാന്യവും ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഓർമ്മിപ്പിച്ചു. ഇത്തരം വലിയ വാഹനങ്ങൾ അംഗീകൃത ഉടമസ്ഥാവകാശ നടപടിക്രമങ്ങൾ പാലിച്ച് കൃത്യമായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. വരും ദിവസങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ കർശന പരിശോധന തുടരുമെന്ന് വ്യക്തമാക്കിയ അധികൃതർ, പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുമായി ട്രാഫിക് നിയമങ്ങളും നിർദ്ദേശങ്ങളും കർശനമായി പാലിക്കാൻ എല്ലാ വാഹനമോടിക്കുന്നവരോടും അഭ്യർത്ഥിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!