കുവൈറ്റ് സിറ്റി: കുവൈറ്റിൽ പുതിയ ട്രാഫിക് നിയമം നിലവിൽ വന്നതിന് ശേഷമുള്ള ആദ്യത്തെ ചരിത്രപരമായ വിധി പ്രഖ്യാപിച്ച് കോടതി. അശ്രദ്ധമായും അപകടകരമായും വാഹനമോടിച്ച കുവൈറ്റ് സ്വദേശിക്ക് കോടതി ഒരു വർഷത്തെ തടവ് ശിക്ഷ വിധിച്ചു. ഇതിന് പുറമെ പ്രതിയുടെ വാഹനം കണ്ടുകെട്ടാനും 600 കുവൈറ്റ് ദിനാർ പിഴ ചുമത്താനും കോടതി ഉത്തരവിട്ടു.
2025 ഏപ്രിൽ 22-നാണ് കുവൈറ്റിൽ കടുത്ത ശിക്ഷാ നടപടികളോടെയുള്ള പുതിയ ട്രാഫിക് നിയമം പ്രാബല്യത്തിൽ വന്നത്. പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിൽ വാഹനമോടിക്കുന്നവർക്കെതിരെ ജുഡീഷ്യറി ശക്തമായ നടപടികളിലേക്ക് നീങ്ങുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ ലാൻഡ്‌മാർക്ക് വിധി. ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങൾക്ക് തടവ് ശിക്ഷ, വൻ തുക പിഴ, വാഹനം എന്നെന്നേക്കുമായി കണ്ടുകെട്ടൽ എന്നിവ പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഈ വിധി റോഡ് സുരക്ഷാ നിർവ്വഹണത്തിൽ ഒരു പുതിയ യുഗത്തിന്റെ തുടക്കമാണെന്നും നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
ശക്തമായ പരിശോധനകളുമായി ട്രാഫിക് വിഭാഗംഅപകടകരമായ ഡ്രൈവിംഗിനെതിരെ കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് രാജ്യവ്യാപകമായി ശക്തമായ പരിശോധനകളാണ് നടത്തിവരുന്നത്. ഇതിന്റെ ഭാഗമായി. നിശ്ചിത കേന്ദ്രങ്ങളിലും മൊബൈൽ പെട്രോളിംഗ് വഴിയും കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.പ്രധാന റോഡുകളിൽ അപ്രതീക്ഷിത പരിശോധനകൾ തുടരുന്നു. അമിത വേഗത, അപകടകരമായ ഓവർടേക്കിംഗ്, റെഡ് ലൈറ്റ് മറികടക്കൽ, അഭ്യാസ പ്രകടനങ്ങൾ, ലഹരിപദാർത്ഥങ്ങൾ ഉപയോഗിച്ച് വാഹനമോടിക്കൽ എന്നിവയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വ്യാപകമായ പരിശോധനകളിൽ അയ്യായിരത്തിലധികം ട്രാഫിക് ലംഘനങ്ങൾ കണ്ടെത്തുകയും നൂറുകണക്കിന് വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും നിയമലംഘകരെ നേരിട്ട് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാക്കി കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.



