കുവൈറ്റ് സിറ്റി: രാജ്യത്തെ പൗരത്വ ഫയലുകളിൽ നടന്ന അത്യന്തം സങ്കീർണ്ണമായ ഒരു വ്യാജരേഖ ചമയ്ക്കൽ കേസ് നാഷണാലിറ്റി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് വിജയകരമായി പുറത്തുകൊണ്ടുവന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ലഭിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ്, 1980-ൽ തെറ്റായ രേഖകളും സാക്ഷ്യപത്രങ്ങളും സമർപ്പിച്ച് കുവൈറ്റ് പൗരത്വം നേടിയെടുത്ത രണ്ട് സഹോദരന്മാരുടെ തട്ടിപ്പ് വെളിച്ചത്തായത്. കേസിന്റെ അന്തിമ അന്വേഷണ ഫലങ്ങളും ഡി.എൻ.എ പരിശോധനയും പുറത്തുവന്നതോടെയാണ് ഇവർ സമർപ്പിച്ച രേഖകളെല്ലാം വ്യാജമായിരുന്നുവെന്ന് സ്ഥിരീകരിച്ചത്.കേസിന്റെ വിശദാംശങ്ങൾ പ്രകാരം, നിയമപരമായി കുവൈറ്റ് പൗരത്വം ലഭിച്ച ഒരു സ്വദേശി തന്റെ മക്കളെ കൃത്യമായി പൗരത്വ ഫയലിൽ രജിസ്റ്റർ ചെയ്തിരുന്നു.
എന്നാൽ 1980-ലെ നൂറാം നമ്പർ നിയമം നിലവിൽ വന്നതിന് പിന്നാലെ, മുൻപ് രജിസ്റ്റർ ചെയ്യാൻ വിട്ടുപോയ തന്റെ മക്കളാണെന്ന് അവകാശപ്പെട്ട് രണ്ടുപേരെക്കൂടി പൗരത്വ ഫയലിൽ ചേർക്കാൻ ഇയാൾ അപേക്ഷ സമർപ്പിച്ചു. അക്കാലത്ത് ജനിതക പരിശോധനകൾ ഇല്ലാതിരുന്നതിനാൽ, പ്രായം കണക്കാക്കിയുള്ള രേഖകളും ഈ അവകാശവാദം ശരിയാണെന്ന് സാക്ഷ്യപ്പെടുത്താൻ ചില സാക്ഷികളെയും ഇയാൾ ഹാജരാക്കി. ഇത് വിശ്വസിച്ച് അധികൃതർ ഇവർക്ക് പൗരത്വം അനുവദിക്കുകയായിരുന്നു. പൗരത്വം ലഭിക്കുന്ന സമയത്ത് ഇവർക്ക് പ്രായക്കൂടുതലുണ്ടായിരുന്നു. ഒരാൾ 1945-ൽ ജനിച്ച് 35 വയസ്സുള്ള ആളും, മറ്റേയാൾ 1947-ൽ ജനിച്ച് 33 വയസ്സുള്ള ആളുമായിരുന്നു.എന്നാൽ മാസങ്ങൾക്ക് മുൻപ്, ഇവർ ഇരുവരും കുവൈറ്റ് പൗരന്റെ യഥാർത്ഥ മക്കളല്ലെന്നും പൗരത്വം നേടിയത് വ്യാജ രേഖകളിലൂടെയാണെന്നും കാണിച്ച് ചില വിവരങ്ങൾ അധികൃതർക്ക് ലഭിച്ചു.
പൗരത്വമില്ലാത്തവരുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സ്റ്റേറ്റ്ലെസ് പേഴ്സൺസ് കമ്മിറ്റി നടത്തിയ പരിശോധനയിൽ ഈ വിവരം ശരിയാണെന്ന് തെളിഞ്ഞു. സിറിയൻ വംശജനായ പൗരത്വമില്ലാത്ത മറ്റൊരു വ്യക്തിയുടെ രേഖകൾ പരിശോധിച്ചപ്പോഴാണ് പൗരത്വം നേടിയ ഈ രണ്ടുപേരും അയാളുടെ സ്വന്തം സഹോദരന്മാരാണെന്ന് കമ്മിറ്റി കണ്ടെത്തിയത്.
തുടക്കത്തിൽ ഇതൊരു പ്രാഥമിക വിവരമായി എടുത്ത നാഷണാലിറ്റി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് പിന്നീട് അതീവ രഹസ്യമായി വിപുലമായ അന്വേഷണം നടത്തുകയായിരുന്നു. തുടർന്ന് ഇവരുടെ രേഖകൾ സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ്, മുൻപ് രജിസ്റ്റർ ചെയ്യാത്ത മക്കളാണെന്ന വ്യാജേന പ്രായപൂർത്തിയായ ശേഷമാണ് ഇവരെ കുവൈറ്റ് പൗരന്റെ ഫയലിലേക്ക് അസ്വാഭാവികമായ രീതിയിൽ ചേർത്തതെന്ന് ബോധ്യപ്പെട്ടത്.



