കുവൈത്ത് സിറ്റി: അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ ലോഗോകൾ പതിച്ച് വിപണിയിൽ വിൽപനയ്ക്ക് എത്തിച്ച അയ്യായിരത്തോളം വസ്ത്രങ്ങളും ചെരിപ്പുകളും കുവൈത്ത് അധികൃതർ പിടിച്ചെടുത്തു.
കൺട്രോൾ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റിലെ ഇൻസ്‌പെക്ടർമാർ നടത്തിയ ഊർജ്ജിത നിരീക്ഷണത്തിനൊടുവിൽ രണ്ട് വ്യത്യസ്ത കെട്ടിടങ്ങളിലെ വെയർഹൗസുകളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് 3,800-ലധികം വ്യാജ ഉൽപ്പന്നങ്ങൾ കണ്ടെടുത്തത്. നിയമവിരുദ്ധമായി അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേര് ഉപയോഗിച്ച് ഉപഭോക്താക്കളെ വഞ്ചിക്കുന്ന രീതിയിലാണ് ഇവ സൂക്ഷിച്ചിരുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ബൗദ്ധിക സ്വത്തവകാശവും ട്രേഡ്മാർക്ക് നിയമങ്ങളും പൂർണ്ണമായും ലംഘിച്ചുകൊണ്ടായിരുന്നു ഈ വ്യാജ ഉൽപ്പന്നങ്ങളുടെ വിപണനം.
ഇത്തരം നിയമലംഘനങ്ങൾ യഥാർത്ഥ ബ്രാൻഡ് ഉടമകളുടെ അവകാശങ്ങളെ ഹനിക്കുന്നതിനൊപ്പം, വ്യാജ ഉൽപ്പന്നങ്ങൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ കുവൈത്ത് നടത്തുന്ന പോരാട്ടങ്ങൾക്കും രാജ്യത്തിന്റെ കീർത്തിക്കും വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. പിടിച്ചെടുത്ത വ്യാജ സാധനങ്ങളുടെ കൃത്യമായ റിപ്പോർട്ട് തയ്യാറാക്കിയ കസ്റ്റംസ് വിഭാഗം, കുറ്റവാളികൾക്കെതിരെ കർശനമായ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.



