കുവൈറ്റ് സിറ്റി: കുവൈറ്റിൽ സാമൂഹിക ക്ഷേമ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയും മേൽനോട്ടത്തിലും പ്രവർത്തിക്കുന്ന നഴ്സറികളുടെ എണ്ണം 462 ആയി ഉയർന്നതായി മന്ത്രാലയ അണ്ടർസെക്രട്ടറി ഡോ. ഖാലിദ് അൽ അജ്മി അറിയിച്ചു. രാജ്യത്ത് ശിശുക്ഷേമ മേഖല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നും, കുട്ടികൾക്ക് ഗുണനിലവാരമുള്ള സേവനങ്ങൾ ഉറപ്പാക്കാൻ മന്ത്രാലയത്തിന്റെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ലൈസൻസ് നൽകുന്നതുകൊണ്ട് മാത്രം മന്ത്രാലയത്തിന്റെ ഉത്തരവാദിത്തം തീരുന്നില്ലെന്നും, കൃത്യമായ ഫീൽഡ് പരിശോധനകളും തുടർ നിരീക്ഷണങ്ങളും വഴി നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം പുതിയ നഴ്സറികൾക്കായി 64 അപേക്ഷകൾ ലഭിച്ചതായി വെളിപ്പെടുത്തിയ ഡോ. അൽ അജ്മി, ഇവ നിയമപരവും സാങ്കേതികവുമായ പരിശോധനകൾക്ക് വിധേയമാക്കുകയാണെന്ന് വ്യക്തമാക്കി. എന്നാൽ ആവശ്യമായ നിബന്ധനകളും മുൻസിപ്പൽ മാനദണ്ഡങ്ങളും പാലിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് 50 അപേക്ഷകൾ മന്ത്രാലയം തള്ളിയതായും അദ്ദേഹം അറിയിച്ചു. കുട്ടികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതിനോടൊപ്പം ശിശുക്ഷേമ മേഖലയിലെ മികച്ച നിക്ഷേപങ്ങളെ മന്ത്രാലയം പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



