കുവൈറ്റ്: ജോയ്ആലുക്കാസ് എക്സ്ചേഞ്ചും സ്പീഡ് സ്പോർട്സ് അക്കാദമിയും സംയുക്തമായി ജൂലൈ 24-ന് 15 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി ആവേശകരമായ പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.സാധാരണയായി മുതിർന്നവർക്കായി മാത്രം നടത്തുന്ന ഇത്തരം ഷൂട്ടൗട്ടുകൾ കുട്ടികൾക്കായി സംഘടിപ്പിച്ചത് വേറിട്ടതും മികച്ചതുമായ ഒരു അനുഭവമായിരുന്നെന്ന് പങ്കെടുത്ത രക്ഷിതാക്കളും കായികപ്രേമികളും അഭിപ്രായപ്പെട്ടു. യുവപ്രതിഭകളെ വളർത്തിയെടുക്കുന്നതിനും കുട്ടികളിൽ കായികക്ഷമത പ്രോത്സാഹിപ്പിക്കുന്നതിനും ഇത്തരം പരിപാടികൾ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.യുവതാരങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഒത്തുകൂടിയ ആവേശഭരിതരായ കാണികൾക്ക് മുന്നിൽ 30-ലധികം ടീമുകളിലായി നൂറിലേറെ കുട്ടികൾ ടൂർണമെന്റിൽ സജീവമായി മാറ്റുരച്ചു.
അസിസ്റ്റന്റ് ജനറൽ മാനേജർ അബ്ദുൽ അസീസ് മാട്ടുവായിലിന്റെ സ്വാഗത പ്രസംഗത്തോടെയാണ് പരിപാടി ആരംഭിച്ചത്. ജോയ്ആലുക്കാസ് എക്സ്ചേഞ്ച് പ്രതിനിധികളായ മാർക്കറ്റിംഗ് മാനേജർ നിതിൻ ജോർജ്, അസിസ്റ്റന്റ് മാർക്കറ്റിംഗ് മാനേജർ വിനീഷ് വേലായുധൻ, പ്രശാന്ത്, ജോബിൻ എന്നിവർക്കൊപ്പം സ്പീഡ് സ്പോർട്സ് അക്കാദമി പ്രതിനിധികളായ അശ്വന്ത്, സുമേഷ് എന്നിവർ ചേർന്നാണ് പരിപാടി ഏകോപിപ്പിച്ചത്.
വാശിയേറിയ ഫൈനൽ റൗണ്ടിന് ശേഷം വിജയികൾക്കുള്ള ട്രോഫികളും സമ്മാനങ്ങളും ജോയ്ആലുക്കാസ് എക്സ്ചേഞ്ച് പ്രതിനിധികൾ വിതരണം ചെയ്തു. വരും ദിവസങ്ങളിൽ കുട്ടികൾക്കും കായികപ്രേമികൾക്കുമായി കൂടുതൽ വൈവിധ്യമാർന്ന കമ്മ്യൂണിറ്റി, കായിക പരിപാടികൾ സംഘടിപ്പിക്കാൻ പദ്ധതിയിടുന്നതായി ജോയ്ആലുക്കാസ് എക്സ്ചേഞ്ച് മാനേജ്മെന്റ് വ്യക്തമാക്കി.



