കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തെ മേഖലയിലെ പ്രമുഖ വ്യോമയാന കേന്ദ്രമാക്കി മാറ്റുന്നതിനും ആഗോള നിക്ഷേപകരെ ആകർഷിക്കുന്നതിനുമായി വൻ പദ്ധതികളുമായി സർക്കാർ. വിമാനത്താവള വികസനത്തിന് ആക്കം കൂട്ടുന്നതിനായി അന്താരാഷ്ട്ര പങ്കാളിത്തം ഉറപ്പാക്കാനും നിക്ഷേപകർക്ക് മുൻപെങ്ങുമില്ലാത്ത ആനുകൂല്യങ്ങളും സൗകര്യങ്ങളും നൽകാനും ഭരണകൂടം തയാറെടുക്കുന്നു.
അൽ മക്തൂം, കിംഗ് സൽമാൻ വിമാനത്താവളങ്ങൾ ഉൾപ്പെടെ കോടിക്കണക്കിന് ഡോളറിന്റെ നിർമ്മാണ പ്രവൃത്തികളുമായി അയൽരാജ്യങ്ങൾ വ്യോമയാന രംഗത്ത് വൻ കുതിച്ചുചാട്ടം നടത്തുമ്പോൾ, കുവൈറ്റ് നേരിടുന്ന വിടവ് നികത്താനാണ് ഈ പുതിയ നീക്കം. നിലവിലെ പരമ്പരാഗത രീതികളിൽ നിന്നും ബ്യൂറോക്രാറ്റിക് തടസ്സങ്ങളിൽ നിന്നും മാറി, പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലേക്ക് രാജ്യം വേഗത്തിൽ മാറും. പുതിയ വിമാനത്താവള സമുച്ചയത്തെ സമ്പൂർണ്ണ സാമ്പത്തിക നഗരമായി വികസിപ്പിക്കാനാണ് പദ്ധതി.
പുതിയ പാസഞ്ചർ ടെർമിനലിന്റെ നടത്തിപ്പ് ചുമതല ആഗോള പരിചയസമ്പന്നതയുള്ള അന്താരാഷ്ട്ര കമ്പനികൾക്ക് കൈമാറാൻ ഭരണകൂടം ആലോചിക്കുന്നുണ്ട്. ഗ്രൗണ്ട് ഹാൻഡ്ലിംഗ്, വിമാനറ്റകുറ്റപ്പണികൾ, കാറ്ററിംഗ് മേഖല എന്നിവയിലെ ഏകാധിപത്യം അവസാനിപ്പിച്ച് പൂർണ്ണമായ വിദേശ മത്സരത്തിന് അവസരമൊരുക്കും. ഇത് സർവീസുകളുടെ ഗുണനിലവാരം ഉയർത്താനും പുതിയ എയർലൈനുകളെ കുവൈറ്റിലേക്ക് ആകർഷിക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തൽ.



