കുവൈറ്റ് സിറ്റി: കുവൈറ്റ് ക്യാപിറ്റൽ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ നടന്ന വ്യാപക സുരക്ഷാ പരിശോധനയിൽ നിയമലംഘകരായ 187 പേരെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. കുവൈറ്റ് മുനിസിപ്പാലിറ്റി, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ എന്നിവയുടെ സഹകരണത്തോടെയായിരുന്നു തലസ്ഥാന പ്രദേശങ്ങളിൽ പരിശോധന സംഘടിപ്പിച്ചത്.
റസിഡൻസി-തൊഴിൽ നിയമലംഘനങ്ങൾ, ജോലിസ്ഥലത്തു നിന്നും ഒളിച്ചോടിയ കേസുകൾ, വിവിധ ക്രിമിനൽ കേസുകളിൽ തിരയുന്നവർ തുടങ്ങിയവരാണ് പിടിയിലായ 187 പേരിൽ ഉൾപ്പെടുന്നത്. കോടതി വിധി പ്രകാരമുള്ള തടവിലായിരുന്ന 23 പേരെയും, വിസ കാലാവധി കഴിഞ്ഞ 4 പേരെയും, തിരിച്ചറിയൽ രേഖകൾ ഇല്ലാത്ത 4 പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. കൂടാതെ യാചനയിൽ ഏർപ്പെട്ട 2 പേരും അനാവശ്യമായി തെരുവിൽ കച്ചവടം നടത്തിയ 3 തെരുവ് വ്യാപാരികളും പിടിയിലായിട്ടുണ്ട്.പരിശോധനയിൽ 445 ഗതാഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും ട്രാഫിക് നിയമങ്ങൾ തെറ്റിച്ച 10 മോട്ടോർ സൈക്കിളുകൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ റോഡുകളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 19 വാഹനങ്ങൾ നീക്കം ചെയ്തു. മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിച്ച ഒരു റെസ്റ്റോറന്റ് ഭക്ഷ്യ സുരക്ഷാ വിഭാഗം അടപ്പിച്ചു. പിടിയിലായവർക്കെതിരെ ആവശ്യമായ നിയമ നടപടികൾ പൂർത്തിയാക്കി തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.



