കുവൈത്ത് സിറ്റി: ഭാരതീയ പ്രവാസി പരിഷത്ത് (ബി.പി.പി) കുവൈത്തിന്റെ ആഭിമുഖ്യത്തിൽ രക്ഷാബന്ധൻ മഹോത്സവം ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിൽ വെച്ച് വർണ്ണാഭമായി സംഘടിപ്പിച്ചു. ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സഞ്ജയ് കെ. മുലുക ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.
ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ, കുവൈത്തിലെ വിവിധ സാമൂഹിക-സാംസ്കാരിക സംഘടനാ നേതാക്കൾ, പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഭാരതീയ സംസ്കാരത്തിന്റെ മഹത്വവും രക്ഷാബന്ധന്റെ സാഹോദര്യ സന്ദേശവും ഉയർത്തിപ്പിടിക്കുന്ന വിവിധ പരിപാടികളാണ് മഹോത്സവത്തിന്റെ ഭാഗമായി അരങ്ങേറിയത്.അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ബി.പി.പി സംഘടിപ്പിച്ച വിവിധ ഓൺലൈൻ മത്സരങ്ങളിൽ വിജയികളായ 52 കുട്ടികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. കൂടാതെ, രക്ഷാബന്ധനോടനുബന്ധിച്ച് നടന്ന “രാഖി നിർമ്മാണ മത്സരത്തിൽ” വിജയിച്ച 35 പേർക്കും സമ്മാനങ്ങൾ സമ്മാനിച്ചു. വിവിധ മത്സരങ്ങളുടെ വിധികർത്താക്കളെ മെമന്റോ നൽകി ആദരിച്ചു. ചടങ്ങിൽ ആകെ 140-ഓളം മെമന്റോകളാണ് അർഹരായവർക്ക് വിതരണം ചെയ്തത്.
ബി.പി.പി കുവൈത്ത് ജനറൽ സെക്രട്ടറി ശ്രീ. രാജ്ഭണ്ഡാരി സ്വാഗതം ആശംസിച്ച ചടങ്ങിൽ, മുഖ്യാതിഥി സഞ്ജയ് കെ. മുലുക മുഖ്യപ്രഭാഷണം നടത്തി. ബി.പി.പി കുവൈത്ത് ട്രഷറർ വി. കൃഷ്ണകുമാർ നന്ദി രേഖപ്പെടുത്തി.സമ്മേളനത്തിനു ശേഷം ബി.പി.പിയുടെ വിവിധ യൂണിറ്റുകളിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി. പരിപാടിയുടെ വിജയത്തിനായി ബി.പി.പിയുടെ വിവിധ ഏരിയ, ഭാഷാ വിഭാഗം ഭാരവാഹികൾ നേതൃത്വം നൽകി.



