കുവൈത്ത്സിറ്റി: കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോർ ഡിസെബിലിറ്റി അഫയേഴ്‌സിൽ നടന്നതായി സംശയിക്കുന്ന പൊതുപണം തട്ടിയെടുക്കൽ കേസുകൾ പബ്ലിക് പ്രൊസിക്യൂഷന് കൈമാറി സാമൂഹിക, കുടുംബ, ശിശുക്ഷേമ മന്ത്രി ഡോ. അംഥാൽ അൽ ഹുവൈല. അറ്റകുറ്റപ്പണികളും കരാറുകളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയതിനെ തുടർന്നാണ് ഈ നടപടിയെന്ന് മന്ത്രി വ്യക്തമാക്കി. ഒരു ആഴ്ചയ്ക്കുള്ളിൽ ഇത്തരത്തിലുള്ള രണ്ടാമത്തെ കേസ് റഫറലാണ് ഇത്.
ഭൂമിയിൽ പൂർണ്ണമായി നടപ്പാക്കാത്ത പ്രവൃത്തികൾക്കും അളവുകൾക്കുമായി വൻതുക കൈമാറിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 12.11 ലക്ഷം കുവൈത്തി ദിനാറിന്റെ (39.5 ലക്ഷം ഡോളർ) സാമ്പത്തിക നഷ്ടമാണ് ഇതിലൂടെ കണക്കാക്കുന്നത്. പൊതുപണം സംരക്ഷിക്കുക എന്നത് വിട്ടുവീഴ്ചയില്ലാത്ത ഉത്തരവാദിത്തമാണെന്നും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർക്കെതിരെ കർശനമായ നിയമപരവും ഭരണപരവുമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ക്രമരഹിതമായി നൽകിയ മുഴുവൻ തുകയും തിരിച്ചുപിടിക്കാനുള്ള നടപടികൾ സ്വീകരിക്കും. പദവികൾ നോക്കാതെ തട്ടിപ്പിന് ഉത്തരവാദികളായവർക്കോ അനാസ്ഥ കാട്ടിയവർക്കോ എതിരെ കർശന നടപടിയുണ്ടാകുമെന്നും പൊതുപണത്തിന്റെ പൂർണ്ണമായ സുതാര്യത ഉറപ്പാക്കാൻ തുടർച്ചയായ നിരീക്ഷണം ഉണ്ടാകുമെന്നും ഡോ. അംഥാൽ അൽ ഹുവൈല പറഞ്ഞു.



