കുവൈറ്റ് സിറ്റി: പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചറൽ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസിന്റെ കീഴിലുള്ള കാർഷിക ഭൂമികളുടെയും പ്ലോട്ടുകളുടെയും രേഖകളിലും നടപടിക്രമങ്ങളിലും വൻതോതിൽ ക്രമക്കേട് നടത്തിയ കേസിൽ ഉന്നത ഉദ്യോഗസ്ഥരടക്കം 71 പേരെ പബ്ലിക് പ്രോസിക്യൂഷൻ ക്രിമിനൽ കോടതിയിലേക്ക് അയച്ചു. ഭരണപരമായ നേതൃത്വ സ്ഥാനങ്ങളും മേൽനോട്ടച്ചുമതലകളും വഹിക്കുന്ന പൊതുപ്രവർത്തകരും പ്രതിപ്പട്ടികയിലുണ്ട്. ഏകദേശം 8.66 ദശലക്ഷം ദിനാറിന്റെ പൊതുപണവും ആനുകൂല്യങ്ങളുമാണ് ഈ അഴിമതിയിലൂടെ തട്ടിയെടുത്തിട്ടുള്ളത്.
പൊതുമുതൽ സംരക്ഷിക്കുന്നതിനും സംസ്ഥാന താത്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് അന്വേഷണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ പ്രസ്താവനയിൽ വ്യക്തമാക്കി. ലഭിച്ച വിവരങ്ങളുടെയും പ്രാഥമിക അന്വേഷണങ്ങളുടെയും അടിസ്ഥാനത്തിൽ 2026-ലെ കേസ് നമ്പർ 153, അനധികൃത പണമിടപാട് കേസ് നമ്പർ 16 എന്നിവ പ്രകാരമാണ് അന്വേഷണം ആരംഭിച്ചത്.കാർഷിക ഭൂമിയുടെ അവകാശങ്ങളും ആനുകൂല്യങ്ങളും വ്യാജ രേഖകൾ വഴി സ്വന്തമാക്കാൻ ഉദ്യോഗസ്ഥർ ഒത്താശ ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. അന്വേഷണം പൂർത്തിയാക്കി കേസ് ഫയലുകൾ കൂടുതൽ വിചാരണയ്ക്കും നിയമനടപടികൾക്കുമായി ക്രിമിനൽ കോടതിക്ക് കൈമാറിയിരിക്കുകയാണ്.



