തിരുവനന്തപുരം വിളവൂര്‍ക്കലില്‍ ഒന്നരവയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു. അമ്മ ക്രിസ്റ്റിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകം മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കിനിടെയെന്ന് സൂചന. കിടപ്പുമുറിയില്‍ വച്ച് കുഞ്ഞിനെ കൊലപ്പെടുത്തിയെങ്കിലും വീട്ടുകാരെത്തി അന്വേഷിച്ചപ്പോള്‍ മാത്രമാണ് വിവരം പുറത്തറിയുന്നത്. കൊലയ്ക്ക് ശേഷം 15 മിനുട്ടോളം ക്രിസ്റ്റി കുഞ്ഞിനൊപ്പം മുറിയില്‍ കഴിഞ്ഞു എന്നാണ് പ്രാഥമിക വിവരം.
ഉച്ചഭക്ഷണത്തിന് ശേഷം പതിവായുള്ള മയക്കത്തിന് പോയതാണ് ക്രിസ്റ്റി. ഇവാനയെ ചേർത്തുപിടിച്ച ഉറക്കാൻ കൊണ്ടുപോകുന്നതുവരെ വീട്ടുകാർ കണ്ടു. അഭിജിത്തും മറ്റു ബന്ധുക്കളും പിന്നീട് പുറത്തേക്ക് പോയി. അഭിജിത്തിൻറെ അമ്മൂമ്മയുടെ സഹോദരി ജസീന്ത എത്തി നോക്കിയപ്പോൾ വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പുറത്തുനിന്ന് തട്ടി വിളിച്ച് ഏറെനേരം കഴിഞ്ഞാണ് ക്രിസ്റ്റി എത്തിയത്. ചലനമില്ലാതെ കിടക്കുന്ന ഇവാനയ്ക്ക് എന്തുപറ്റിയെന്ന് ജസീന്ത എന്ന് ചോദിച്ചപ്പോൾ താൻ അവളെ കൊലപ്പെടുത്തി എന്നായിരുന്നു ക്രിസ്റ്റിയുടെ മറുപടി. ജസീന്ത ശ്രദ്ധിച്ചു നോക്കിയപ്പോഴാണ് കഴുത്തിൽ നിന്ന് രക്തം വാർന്നു പോകുന്നത് കണ്ടത്. ഉടനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



