കുവൈത്ത് സിറ്റി: ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായുള്ള നിരീക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി തലസ്ഥാന ഗവർണറേറ്റിൽ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ നടത്തിയ പരിശോധനയിൽ വൻ നിയമലംഘനങ്ങൾ കണ്ടെത്തി. മനുഷ്യഉപയോഗത്തിന് യോഗ്യമല്ലാത്തതും കേടായതുമായ ഭക്ഷ്യവസ്തുക്കളുടെ വിൽപന ഉൾപ്പെടെയുള്ള ക്രമക്കേടുകളാണ് ഇൻസ്പെക്ടർമാർ കണ്ടെത്തിയത്.
നിറം, രൂപം, മണം എന്നിവയിൽ മാറ്റം വന്ന് ഗുണനിലവാരം പൂർണ്ണമായി നഷ്ടപ്പെട്ട ഭക്ഷ്യവസ്തുക്കളാണ് വിപണിയിൽ വിൽപനയ്ക്കായി വച്ചിരുന്നത്. ഇതിനുപുറമെ, സാധുവായ ഫുഡ് രജിസ്ട്രേഷൻ കാർഡില്ലാത്ത മായം ചേർത്ത ഭക്ഷ്യവസ്തുക്കളുടെ വിൽപന, ഭക്ഷ്യ സ്ഥാപനങ്ങളിൽ പൊതുജനാരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കൽ, ശുചിത്വ മാനദണ്ഡങ്ങളുടെ ലംഘനം എന്നിവയും പരിശോധനയിൽ സ്ഥിരീകരിച്ചു.
പരിശോധനകളുടെ ഫലമായി മനുഷ്യഉപയോഗത്തിന് അനുയോജ്യമല്ലാത്തതും മായം ചേർത്തതുമായ ആകെ 108.040 കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ അധികൃതർ നശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനും സുരക്ഷിതമല്ലാത്ത ഭക്ഷ്യ ഉൽപന്നങ്ങളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് ഭക്ഷ്യ സുരക്ഷാ അതോറിറ്റി വ്യക്തമാക്കി.



