കുവൈത്ത് സിറ്റി: ഈ മാസം പകുതിയോടെ സ്കൂളുകൾ തുറക്കുന്നതിനുള്ള തയാറെടുപ്പിലാണ് രാജ്യത്തെ കുടുംബങ്ങൾ. ഇറാനിയൻ ആക്രമണങ്ങളെ തുടർന്ന് ഫെബ്രുവരി അവസാനം മുതൽ നിർത്തിവെച്ച ഓഫ്ലൈൻ ക്ലാസുകൾക്ക് ശേഷം, മുഴുവൻ സ്കൂളുകളിലും ഈ അക്കാദമിക് വർഷം മുതൽ ക്ലാസുകൾ പൂർണ്ണമായും നേരിട്ടുള്ള പഠനത്തിലേക്ക് (in-person learning) മാറുന്നു എന്നതാണ് ഈ വർഷത്തെ പ്രത്യേകത. വിദ്യാർത്ഥികളെ വരവേൽക്കാനുള്ള ഒരുക്കങ്ങളുടെ ഭാഗമായി അധ്യാപകർ കഴിഞ്ഞ ഞായറാഴ്ച മുതൽ സ്കൂളുകളിൽ എത്തിത്തുടങ്ങിയിരുന്നു.
വിദ്യാലയങ്ങൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, വിപണിയിൽ സ്കൂൾ ഷോപ്പിംഗ് സജീവമായിരിക്കുകയാണ്. പബ്ലിക് സ്കൂൾ വിദ്യാർത്ഥികളുടെ മടങ്ങിവരവിനായുള്ള കൗണ്ട്ഡൗൺ ആരംഭിച്ചതോടെ ജനപ്രിയ മാർക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾ, കോഓപ്പറേറ്റീവ് സൊസൈറ്റികൾ എന്നിവയിലെല്ലാം സീസണൽ തിരക്ക് അനുഭവപ്പെട്ടുതുടങ്ങി. സ്കൂൾ യൂണിഫോമുകൾ, ബാഗുകൾ, നോട്ട്ബുക്കുകൾ, മറ്റ് സ്റ്റേഷനറി സാധനങ്ങൾ എന്നിവ വാങ്ങുന്നതിനായി രക്ഷിതാക്കൾ കൂട്ടത്തോടെ എത്തുന്ന കാഴ്ചയാണ് എവിടെയും കാണുന്നത്. ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി വിവിധ വിലയിലും ഗുണനിലവാരത്തിലുമുള്ള ഉൽപ്പന്നങ്ങളുമായി കടകളും പുസ്തകശാലകളും പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.വിവിധ റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ ഷോപ്പിംഗ് തിരക്ക് ഇതിനകം തന്നെ ആരംഭിച്ചതായി മാധ്യമ നിരീക്ഷണങ്ങളിൽ വ്യക്തമായി.
എന്നാൽ തിരക്ക് അതിന്റെ ഉച്ചസ്ഥായിയിലെത്തിയിട്ടില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. തങ്ങളുടെ കുട്ടികൾക്കായുള്ള സാധനങ്ങൾ നേരത്തെ തന്നെ വാങ്ങി തീർക്കാൻ താൽപ്പര്യപ്പെടുന്ന ചില രക്ഷിതാക്കൾ ഇതിനകം ഷോപ്പിംഗ് പൂർത്തിയാക്കിയിട്ടുണ്ട്. അതേസമയം, സ്കൂളുകൾ തുറക്കുന്നതിന് തൊട്ടുമുുള്ള ദിവസങ്ങളിലായിരിക്കും വിപണിയിൽ യഥാർത്ഥ തിരക്കും കച്ചവടവും അനുഭവപ്പെടുകയെന്ന് വ്യാപാരികൾ പ്രതീക്ഷിക്കുന്നു. സ്കൂൾ തുറക്കുന്ന തീയതിയോട് അടുപ്പിച്ച് മാത്രം ഷോപ്പിംഗ് നടത്തുന്ന രീതിയാണ് ഭൂരിഭാഗം കുടുംബങ്ങളും സാധാരണയായി പിന്തുടരാറുള്ളത്.



