കുവൈറ്റ് സിറ്റി: കബദ് മേഖലയിൽ ഗതാഗതസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പുതിയ റോഡുകൾ, സേവന ശൃംഖലകൾ, രണ്ട് വാഹന മേൽപ്പാലങ്ങൾ, രണ്ട് കാൽനടപ്പാലങ്ങൾ എന്നിവയുടെ നിർമ്മാണത്തിനും പരിപാലനത്തിനുമുള്ള ബൃഹത്തായ കരാർ കുവൈറ്റ് പൊതുമരാമത്ത് മന്ത്രാലയം പ്രഖ്യാപിച്ചു. ഔദ്യോഗിക ഗസറ്റായ ‘കുവൈറ്റ് അൽ-യൗം’ വഴിയാണ് വിവരങ്ങൾ പുറത്തുവിട്ടത്. സെൻട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡേഴ്സ് (CAPT) വഴി ടെൻഡർ ചെയ്യുന്ന ഈ പദ്ധതി 36 മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
സൗത്ത് സാദ് അൽ-അബ്ദുള്ള സിറ്റി, വെസ്റ്റ് അബ്ദുള്ള അൽ-മുബാറക് സിറ്റി, ഷദ്ദാദിയ ഇൻഡസ്ട്രിയൽ സിറ്റി തുടങ്ങിയ പ്രധാന പാർപ്പിട-വ്യവസായ മേഖലകൾക്ക് ഈ പദ്ധതി വൻ പ്രയോജനം ചെയ്യും. ഈ പ്രദേശങ്ങളിലെ ഗതാഗത കുരുക്ക് പരിഹരിക്കാനും അന്തേവാസികളുടെ യാത്ര സുഗമമാക്കാനും ഇൻഡസ്ട്രിയൽ ഹബ്ബുകളിലേക്കുള്ള ബന്ധിപ്പിക്കൽ ശക്തിപ്പെടുത്താനും പദ്ധതി സഹായിക്കും. വാഹനങ്ങളുടെ വർദ്ധിച്ചുവരുന്ന എണ്ണത്തിന് അനുസൃതമായി റോഡുകളുടെയും പാലങ്ങളുടെയും ശേഷി ഉയർത്താനാണ് മന്ത്രാലയത്തിന്റെ തീരുമാനം.
വെള്ളക്കെട്ട് മൂലമുണ്ടാകുന്ന റോഡ് തകർച്ചയും ടാറിംഗ് ഇളകുന്നതും തടയാൻ കാര്യക്ഷമമായ ഡ്രെയിനേജ് സംവിധാനങ്ങളും പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും. കബദ്-സുലൈബിയ റോഡ് മുതൽ സാൽമി റോഡ് വരെയുള്ള 6.5 റിംഗ് റോഡിന്റെ വികസനം പൂർത്തിയാക്കുന്നതിനൊപ്പം ആറാം റിംഗ് റോഡ്, ഏഴാം റിംഗ് റോഡ്, സാൽമി റോഡ് എന്നിവയുമായി പ്രദേശത്തെ സുഗമമായി ബന്ധിപ്പിക്കും. കൃഷിയിടങ്ങൾ, മലിനജല സംസ്‌കരണ പ്ലാന്റുകൾ, എണ്ണ-ജല കിണറുകൾ നിൽക്കുന്ന മേഖലകൾ, വ്യവസായ മേഖലകൾ എന്നിവയിലേക്കുള്ള അനുബന്ധ റോഡുകളുടെ നവീകരണവും ഇതിലൂടെ നടപ്പിലാക്കും.
അതേസമയം, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷന്റെ ആസ്ഥാന മന്ദിരത്തിന്റെ പഠനം, രൂപകൽപ്പന, നിർമ്മാണ മേൽനോട്ടം എന്നിവയ്ക്കുള്ള ടെൻഡർ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി സെൻട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡേഴ്സ് നീട്ടി. സെപ്റ്റംബർ 27 ആയിരുന്ന കാലാവധി ഒക്ടോബർ 13 വരെയാണ് ദീർഘിപ്പിച്ചിരിക്കുന്നത്.



