കുവൈറ്റ് സിറ്റി: പരസ്ത്രീബന്ധം ആരോപിക്കപ്പെട്ട കേസിൽ കുവൈറ്റ് പൗരന് കീഴ്ക്കോടതികൾ വിധിച്ച രണ്ട് വർഷത്തെ തടവുശിക്ഷ പരമോന്നത കോടതിയായ കോർട്ട് ഓഫ് കസേഷൻ റദ്ദാക്കി. ഭാര്യ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ക്രിമിനൽ നടപടികൾ നിർത്തിവെച്ച് കോടതി കേസ് തള്ളിയത്. നേരത്തെ വിചാരണക്കോടതിയും തുടർന്ന് അപ്പീൽ കോടതിയും പ്രതിക്ക് രണ്ട് വർഷത്തെ തടവുശിക്ഷ ശരിവെച്ചിരുന്നു.
എന്നാൽ ഇത്തരം കേസുകളിൽ നിയമനടപടികൾ ആരംഭിക്കാൻ ഭാര്യയുടെ ഔദ്യോഗിക പരാതി അത്യന്താപേക്ഷിതമാണെന്ന് പ്രതിഭാഗം അഭിഭാഷകൻ അബ്ദുൽ മുഹ്സിൻ അൽ ഖത്താൻ പരമോന്നത കോടതിയിൽ വാദിച്ചു. പരാതിയില്ലാതെ കേസ് തുടരുന്നത് നിയമപരമായി നിലനിൽക്കില്ലെന്ന അഭിഭാഷകന്റെ വാദം അംഗീകരിച്ച പരമോന്നത കോടതി മുൻ ഉത്തരവുകൾ പൂർണ്ണമായും റദ്ദാക്കുകയായിരുന്നു.



