വാഷിങ്ടണ്‍: അമേരിക്കയില്‍ ഇടക്കാല തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. വെര്‍മോണ്ട് ഉള്‍പ്പെടെ ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, വിര്‍ജീനിയ, കെന്റക്കി തുടങ്ങിയ കിഴക്കന്‍ തീരദേശ സംസ്ഥാനങ്ങളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് ആരംഭിച്ചത്. ഡോണള്‍ഡ് ട്രംപിന് ഭരണത്തിൻ്റെ ശേഷിക്കുന്ന കാലയളവില്‍ എത്രത്തോളം രാഷ്ട്രീയ അധികാരം നിലനിര്‍ത്താനാകുമെന്നതില്‍ ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമാകും.
അമേരിക്കന്‍ ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 100 സീറ്റുകളില്‍ 35 എണ്ണത്തിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കൂടാതെ 36 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ സ്ഥാനങ്ങളിലേക്കും വോട്ടെടുപ്പ് നടക്കുന്നുണ്ട്. ഏകദേശം 21 കോടി (210 മില്യണ്‍) ആളുകളാണ് ഈ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുക. അമേരിക്കന്‍ പ്രസിഡന്റ് ഭരണത്തിന്റെ പകുതിയില്‍ വച്ച് നടത്തുന്ന തെരഞ്ഞെടുപ്പായതിനാലാണ് ഇത് ഇടക്കാല തെരഞ്ഞെടുപ്പ് എന്നറിയപ്പെടുന്നത്. കോണ്‍ഗ്രസിലെ ഇരുസഭകളിലും ഈ തെരഞ്ഞെടുപ്പ് മാറ്റമുണ്ടാക്കുമെന്നാണ് കരുതുന്നത്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി വിജയിക്കുമെന്ന് ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോള്‍ അമേരിക്കയിലെ ഉയരുന്ന ജീവിതച്ചെലവ് ചൂണ്ടിക്കാട്ടിയാണ് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രചാരണം നടത്തിയത്. ജനപ്രതിനിധിസഭയുടെ നിയന്ത്രണം ഡെമോക്രാറ്റുകള്‍ക്ക് ലഭിക്കാനാണ് സാധ്യതയെന്ന് അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ എത്രത്തോളം സീറ്റുകള്‍ ഡെമോക്രാറ്റുകള്‍ക്ക് നേടാനാകുമെന്നത് വ്യക്തമല്ല. എന്നാല്‍ സെനറ്റിന്റെ നിയന്ത്രണം പിടിച്ചെടുക്കുക ഡെമോക്രാറ്റുകള്‍ക്ക് എളുപ്പമാകില്ല. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കൈവശമുള്ള നാല് സീറ്റുകള്‍ പിടിച്ചെടുക്കുന്നതിനൊപ്പം നിലവിലുള്ള തങ്ങളുടെ എല്ലാ സീറ്റുകളും നിലനിര്‍ത്തുകയും വേണം.



