കുവൈത്ത് സിറ്റി, നവംബർ 15: കുവൈത്തിൽ സർക്കാർ സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്ന ഉൽപ്പന്നങ്ങൾ അനുമതിയില്ലാതെ വിൽപ്പന നടത്തിയ ഗ്രോസറി കടയ്ക്കെതിരെ അധികൃതർ നിയമനടപടി സ്വീകരിച്ചു. വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള വാണിജ്യ നിയന്ത്രണ, ഉപഭോക്തൃ സംരക്ഷണ വിഭാഗം നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.
സർക്കാർ സാമ്പത്തിക സഹായത്തോടെ വിതരണം ചെയ്യുന്ന ചില ഭക്ഷ്യവസ്തുക്കളും മറ്റ് ഉൽപ്പന്നങ്ങളും ആവശ്യമായ ഔദ്യോഗിക അനുമതിയില്ലാതെ കടയിൽ വിൽപ്പന നടത്തുന്നതായി പരിശോധനയിൽ വ്യക്തമായി.2014-ലെ മന്ത്രിതല ഉത്തരവ് നമ്പർ 216-ന്റെ നാലാം അനുച്ഛേദപ്രകാരം സർക്കാർ സബ്സിഡി ലഭിക്കുന്ന ഉൽപ്പന്നങ്ങളുടെ വിൽപ്പനയ്ക്കും വിതരണത്തിനും നിയന്ത്രണങ്ങളുണ്ട്. ബന്ധപ്പെട്ട അധികൃതരുടെ അംഗീകാരമുള്ള സ്ഥാപനങ്ങൾക്ക് മാത്രമാണ് ഇത്തരം ഉൽപ്പന്നങ്ങൾ വിൽക്കാൻ അനുമതിയുള്ളത്.
നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനത്തിനെതിരെ ഔദ്യോഗികമായി നിയമലംഘന റിപ്പോർട്ട് തയ്യാറാക്കുകയും ഉത്തരവാദികൾക്കെതിരെ ആവശ്യമായ നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു.സർക്കാർ സബ്സിഡി ഉൽപ്പന്നങ്ങളുടെ അനധികൃത വിൽപ്പന തടയുന്നതിനും വിപണിയിലെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുമായി അധികൃതർ പരിശോധനകൾ തുടരുകയാണ്.



