കുവൈറ്റ് സിറ്റി: സൽമി, അബ്ദലി അതിർത്തികളിൽ നടത്തിയ പരിശോധനകളുടെ തുടർച്ചയായി പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹ് നുവൈസീബ് പോർട്ട് സന്ദർശിച്ചു. അതിർത്തിയിലെ വികസന പ്രവർത്തനങ്ങളുടെ പുരോഗതി, സുരക്ഷാ സജ്ജീകരണങ്ങൾ, യാത്രക്കാർക്ക് നൽകുന്ന സേവനങ്ങൾ എന്നിവ അദ്ദേഹം നേരിട്ട് വിലയിരുത്തി.
ഫിനാൻഷ്യൽ അഫയേഴ്സ് ആൻഡ് സപ്പോർട്ട് സർവീസസ് സെക്ടർ മേധാവി ബ്രിഗേഡിയർ ജനറൽ അബ്ദുൽ മൊഹ്സെൻ അൽ-അക്ഷൻ, പോർട്ട്സ് സെക്യൂരിറ്റി അഫയേഴ്സ് സെക്ടർ മേധാവി ബ്രിഗേഡിയർ ജനറൽ ഇബ്രാഹിം അൽ-ഖലീൽ, കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അൽ-സബാഹ്, ലാൻഡ് പോർട്ട്സ് സെക്യൂരിറ്റി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ യൂസഫ് അൽ-മുഹൈനി എന്നിവരും മന്ത്രാലയം, ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ്, നാഷണൽ ബാങ്ക് ഓഫ് കുവൈറ്റ് എന്നിവയുടെ പ്രതിനിധികളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
അതിർത്തി പോർട്ടിൽ പ്രവർത്തിക്കുന്ന വിവിധ ഏജൻസികൾ തമ്മിലുള്ള ഏകോപനം ശക്തമാക്കണമെന്നും, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് യാത്രാ നടപടികൾ വേഗത്തിലാക്കാൻ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
ഇതിനുപുറമെ ഔഹാ, കുബ്ബാർ, ഉം അൽ-മറാദിം, ഖറൂഹ്, ഫൈലക എന്നീ ദ്വീപുകളും ഷെയ്ഖ് ഫഹദ് അൽ യൂസഫ് സന്ദർശിച്ചു. അവിടെയെത്തി സുരക്ഷാ ഒരുക്കങ്ങൾ വിലയിരുത്തിയ അദ്ദേഹം, ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളെക്കുറിച്ചും അവരുടെ ആവശ്യങ്ങളെക്കുറിച്ചും ചോദിച്ചറിഞ്ഞു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിൽ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരും പങ്കാളികളായ മറ്റ് ഏജൻസികളും നടത്തുന്ന സേവനങ്ങളെ അദ്ദേഹം പ്രശംസിച്ചു.



