കുവൈത്ത് സിറ്റി: കുവൈത്ത് അമീറിന്റെയും കിരീടാവകാശിയുടെയും ചിത്രങ്ങളും രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നവും വാണിജ്യ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതിനെതിരെ കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകി.അമീറിന്റെയും കിരീടാവകാശിയുടെയും ചിത്രങ്ങൾ പതിച്ച ഉൽപ്പന്നങ്ങൾ വിൽക്കുന്നതും പ്രദർശിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും നിയമവിരുദ്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നം വാണിജ്യ വ്യാപാരമുദ്രയായി ഉപയോഗിക്കുന്നതിനും അപമാനകരമായ രീതിയിൽ പ്രദർശിപ്പിക്കുന്നതിനും വിലക്കുണ്ട്.
2014-ലെ 216-ാം നമ്പർ മന്ത്രിതല ഉത്തരവിലെ 16-ാം വകുപ്പനുസരിച്ചാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, കമ്പനികൾ, വ്യാപാര സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർക്ക് ഈ നിയമം ബാധകമാണ്.വിവിധതരം ഉൽപ്പന്നങ്ങൾ, വിൽപ്പനയ്ക്കുള്ള സാധനങ്ങൾ, അച്ചടിച്ച പ്രസിദ്ധീകരണങ്ങൾ എന്നിവയിൽ അമീറിന്റെയും കിരീടാവകാശിയുടെയും ചിത്രങ്ങളോ രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നമോ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലുമുള്ള വിപണികളിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധനകൾ തുടരുകയാണ്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.വ്യാപാരികളും സ്ഥാപന ഉടമകളും ഉൽപ്പന്നങ്ങളുടെ രൂപകൽപ്പനയിലും പരസ്യങ്ങളിലും പ്രചാരണ സാമഗ്രികളിലും നിലവിലുള്ള നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം നിർദേശിച്ചു.



