കുവൈത്ത് സിറ്റി: വ്യാജ ഇൻവോയിസുകൾ തയ്യാറാക്കി കമ്പനിയിൽനിന്ന് 10,000 കുവൈത്ത് ദിനാർ തട്ടിയെടുത്ത കേസിൽ ഈജിപ്ഷ്യൻ അക്കൗണ്ടന്റിന് വിധിച്ച ഏഴ് വർഷത്തെ തടവും 30,000 ദിനാർ പിഴയും കുവൈത്ത് പരമോന്നത കോടതി ശരിവച്ചു. പ്രതി സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് കോടതി ശിക്ഷ സ്ഥിരീകരിച്ചത്.
സർക്കാരിന് ഓഹരി പങ്കാളിത്തമുള്ള പ്രമുഖ കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന ഈജിപ്ഷ്യൻ പൗരനാണ് കേസിലെ പ്രതി. വ്യാജ ബില്ലുകളും രേഖകളും തയ്യാറാക്കി കമ്പനിയുടെ അക്കൗണ്ടിൽനിന്ന് 10,000 ദിനാർ അനധികൃതമായി കൈക്കലാക്കിയെന്നാണ് കേസ്.തട്ടിപ്പിനുശേഷം രാജ്യം വിട്ട പ്രതിയെ ദുബായിൽനിന്നാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഇന്റർപോളിന്റെ സഹായത്തോടെ കുവൈത്തിലേക്ക് കൈമാറുകയായിരുന്നു. കേസിൽ ഉൾപ്പെട്ട് രാജ്യം വിട്ട മറ്റ് പ്രതികൾക്കെതിരെയും ക്രിമിനൽ കോടതി നേരത്തെ അസാന്നിധ്യത്തിൽ ശിക്ഷ വിധിച്ചിരുന്നു.
അതേസമയം, ഇതേ കമ്പനിയിൽനിന്ന് പത്ത് ലക്ഷം കുവൈത്ത് ദിനാർ തട്ടിയെടുത്ത മറ്റൊരു കേസിലും ഈജിപ്ഷ്യൻ അക്കൗണ്ടന്റ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഈ കേസിൽ പ്രതിക്ക് അപ്പീൽ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിട്ടുണ്ട്.പത്ത് ലക്ഷം ദിനാറിന്റെ തട്ടിപ്പുകേസിലെ ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമേയാണ് വ്യാജ ബില്ലുകൾ ഉപയോഗിച്ച് 10,000 ദിനാർ തട്ടിയെടുത്ത കേസിലെ ഏഴ് വർഷത്തെ തടവും 30,000 ദിനാർ പിഴയും പരമോന്നത കോടതി ഇപ്പോൾ ശരിവച്ചിരിക്കുന്നത്.



